കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പ് വിധിയെഴുത്തിന് ജില്ല പൂര്‍ണ സജ്ജം. 26ന് നടക്കുന്ന വോട്ടെടുപ്പ് കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളിലെ സുതാര്യവും നീതിപൂര്വവുമാക്കുന്നതിന് പഴുതടച്ച മുന്നൊരുക്കങ്ങൾ പൂർത്തീകരിച്ചതായി ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍കൂടിയായ ജില്ല കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് അറിയിച്ചു.
ഇരുമണ്ഡലങ്ങളിലുമായി ജില്ലയിൽ ആകെ 28,51,514 വോട്ടര്‍മാരാണുള്ളത്. വടകരയില്‍ 6,81,615 പുരുഷന്മാരും 7,40,246 സ്ത്രീകളും 22 ട്രാന്‍സ് ജെന്‍ഡറുകളും ഉള്‍പ്പെടെ 14,21,883 വോട്ടര്‍മാരും കോഴിക്കോട്ട് 6,91,096 പുരുഷന്മാരും 7,38,509 സ്ത്രീകളും 26 ട്രാന്‍സ് ജെന്‍ഡറുകളും ഉള്‍പ്പെടെ 14,29,631 വോട്ടര്‍മാരുമാണുള്ളത്.
കോഴിക്കോട് 1206 ഉം വടകരയില്‍ 1207ഉം പോളിങ് സ്റ്റേഷനുകളുണ്ട്. 16 മാതൃക പോളിങ് സ്റ്റേഷനുകളും 52 എണ്ണം പൂർണമായും വനിതകള്‍ നയിക്കുന്ന പിങ്ക് പോളിങ് സ്റ്റേഷനുകളുമാണ്. വോട്ടെടുപ്പ് സുരക്ഷിതവും സമാധാനപൂര്‍വവുമാക്കുന്നതിന് ശക്തമായ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയത്.
ഇതിന്റെ ഭാഗമായി 24ന് വൈകീട്ട് ആറുമുതല്‍ 27ന് രാവിലെ ആറുമണിവരെ ജില്ലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. 141 പ്രശ്നസാധ്യതാ ബൂത്തുകളിലും (കോഴിക്കോട്- 21, വടകര- 120), മാവോവാദി ഭീണിയുള്ള വടകര മണ്ഡലത്തിലെ 43 ബൂത്തുകളിലും പ്രത്യേക സുരക്ഷ ഒരുക്കി. എട്ട് കമ്പനി സി.എ.പി.എഫ്, മൈക്രോ ഒബ്സര്‍മാര്‍ എന്നിവരെ അധികമായി നിയോഗിച്ചിട്ടുണ്ട്.
വോട്ടര്‍പട്ടികയില്‍ ഇരട്ട വോട്ടുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ തട്ടിപ്പ് തടയുന്നതിന് എ.എസ്.ഡി മോണിറ്റര്‍ ആപ്പിന്റെ സേവനം ബൂത്തുകളില്‍ ഉപയോഗപ്പെടുത്തും. ഇരട്ട വോട്ട് ഉള്ളവര്‍ വോട്ട് ചെയ്യാനെത്തിയാല്‍ ഫോട്ടോ എടുത്ത് ആപ്പില്‍ അപ്ലോഡ് ചെയ്യും.
വീണ്ടും ഇയാള്‍ വോട്ട് ചെയ്യാനെത്തുകയാണെങ്കില്‍ അത് കണ്ടെത്താന്‍ ആപ്പിന്റെ സഹായത്തോടെ സാധിക്കും.
പൊതുജനങ്ങള്‍ക്ക് പോളിങ് ശതമാനം അറിയാന്‍ തെരഞ്ഞെടുപ്പ് കമീഷന്റെ വോട്ടര്‍ ടേണ്‍ഔട്ട് ആപ്. നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള പോളിങ് ശതമാനം രണ്ട് മണിക്കൂര്‍ ഇടവിട്ട് വോട്ടര്‍ ടേണ്‍ഔട്ട് ആപ്പില്‍ ലഭിക്കും.
വോട്ടര്‍ ഹെല്പ് ലൈന്‍ നമ്പറായ 1950 ലേക്ക് ഫോണ്‍ വിളിച്ചും എസ്.എം.എസ് അയച്ചും വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാം. ഹെല്പ് ലൈന്‍ നമ്പറിലേക്ക് വിളിച്ച് വോട്ടര്‍ ഐ.ഡി കാര്‍ഡ് നമ്പര്‍ നല്കിയാല് വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ ലഭിക്കും.
എസ്.ടി.ഡി കോഡ് ചേര്‍ത്ത് വേണം വിളിക്കാന്‍. ഇ.സി.ഐ എന്ന് ടൈപ്പ് ചെയ്ത് സ്പേസ് ഇട്ടശേഷം ഇലക്ഷന് ഐ.ഡി കാര്‍ഡ് നമ്പര്‍ ടൈപ്പ് ചെയ്ത് 1950 ലേക്ക് അയച്ചാല്‍ വോട്ടർ പട്ടികയിലെ വിവരങ്ങള്‍ മറുപടി എസ്.എം.എസ് ആയി ലഭിക്കും.
കോഴിക്കോട്: തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ നടന്ന വിവിധ പരിശോധനയിൽ പിടികൂടിയത് 9,18,42,596 രൂപ വിലമതിപ്പുള്ള വസ്തുക്കൾ. പണമായി 3,76,21,150 രൂപയും 38, 09,609 രൂപയുടെ മദ്യവും 1,97,26,567 രൂപയുടെ മയക്കുമരുന്നും മറ്റിനങ്ങളിലായി 12,99,790 രൂപയുമാണ് ജില്ലയിൽ വിവിധ സ്ക്വാഡുകൾ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്. തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ സ്ക്വാഡ് പിടിച്ചെടുത്ത തുകയായ 1,58, 3610 രൂപയും ഇതിൽ ഉൾപ്പെടുന്നു.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം 23 വരെ ജില്ലയിൽ നീക്കം ചെയ്തത് അനധികൃതമായി സ്ഥാപിച്ച 164784 ബാനറുകളും കൊടിതോരണങ്ങളും ചുവരെഴുത്തുകളും. പൊതുസ്ഥലങ്ങളിൽ നിന്ന് 137779 ഉം സ്വകാര്യ സ്ഥലങ്ങളിൽ നിന്ന് 4076 ഉം പോസ്റ്ററുകളും ചുവരെഴുത്തുകളും മറ്റുമാണ് ആന്റി ഡിഫേസ്മെന്റ് സ്ക്വാഡ്, ഫ്ലയിങ് സ്ക്വാഡ്, സ്റ്റാറ്റിക് സർവൈലൻസ് സ്ക്വാഡ് എന്നിവ ചേർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നീക്കം ചെയ്തത്.
കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങളുടെയും മറ്റ് പോളിങ് സാമഗ്രികളുടെയും വിതരണം വ്യാഴാഴ്ച രാവിലെ എട്ടുമുതല്‍ പ്രത്യേക കേന്ദ്രങ്ങളില്‍ നടക്കും. പോളിങ് സാമഗ്രികള്‍ വിതരണ ചുമതല ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ക്കാണ്. വോട്ടിങ് മെഷീന്, വിവിപാറ്റ് മെഷീന് എന്നിവയുടെ വിതരണ ചുമതല അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍ക്കുമാണ്. വിതരണ കേന്ദ്രങ്ങളില്‍ വിപുലമായ സുരക്ഷ സന്നാഹം ഒരുക്കിയിട്ടുണ്ട്.
വോട്ടെടുപ്പിനുശേഷം ഇതേ കേന്ദ്രങ്ങളില്‍തന്നെ സാമഗ്രികള്‍ തിരിച്ചേൽപിക്കണം. പോളിങ് സാമഗ്രികള്‍ കൈപ്പറ്റിയശേഷം ഉദ്യോഗസ്ഥരെ പ്രത്യേക വാഹനങ്ങളില്‍ പോളിങ് ബൂത്തുകളില്‍ എത്തിക്കും. ഇവരെ പൊലീസും റൂട്ട് ഓഫിസറും അനുഗമിക്കും. ജില്ലയിലെ 13 നിയമസഭ മണ്ഡലങ്ങളിലെയും വോട്ടിങ് യന്ത്രം, പോളിങ് സാധനസാമഗ്രികളുടെ വിതരണ-സ്വീകരണ കേന്ദ്രങ്ങൾക്ക് വ്യാഴാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചു.
വടകര- മടപ്പള്ളി ഗവ. കോളജ്
കുറ്റ്യാടി- മേമുണ്ട ഹയര്‍ സെക്കൻഡറി സ്കൂള്‍
നാദാപുരം- മടപ്പള്ളി ഗവ. ഗേള്‍സ് ഹയര്‍സെക്കൻഡറി സ്കൂള്‍
കൊയിലാണ്ടി - ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കൻഡറി സ്കൂള്‍ പയ്യോളി
പേരാമ്പ്ര - സി.കെ.ജി മെമ്മോറിയല്‍ ഗവ. കോളജ് പേരാമ്പ്ര
ബാലുശ്ശേരി - ജി.എച്ച്.എസ്.എസ് കോക്കല്ലൂര്‍
എലത്തൂര്‍ - വെസ്റ്റ്ഹില്‍ ഗവ. പോളി ടെക്നിക് കോളജ്
കോഴിക്കോട് നോര്‍ത്ത് - ജെ.ഡി.ടി ഇസ്ലാം എജുക്കേഷനല്‍ കോംപ്ലക്സ് മെയിന്‍ സ്റ്റേജ് വെള്ളിമാടുകുന്ന്
കോഴിക്കോട് സൗത്ത് - മലബാര്‍ ക്രിസ്ത്യന്‍ കോളജ്
ബേപ്പൂര്‍ - ഗവ. ആര്‍ട്സ് ആൻഡ് സയന്‍സ് കോളജ് മെയിന്‍ ബ്ലോക്ക് മീഞ്ചന്ത
കുന്ദമംഗലം - കോഴിക്കോട് ഗവ. ലോ കോളജ്
കൊടുവള്ളി - കെ.എം.ഒ എച്ച്.എസ്.എസ് കൊടുവള്ളി.
തിരുവമ്പാടി (വയനാട് ലോക്സഭ മണ്ഡലം)- സെന്റ് അല്‍ഫോണ്‍സ സീനിയര്‍ സെക്കൻഡറി സ്കൂള്‍, കോരങ്ങാട്, താമരശ്ശേരി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.