കോഴിക്കോട്: ഒരിടവേളക്കുശേഷം സവാളയുടെയും തക്കാളിയുടെയും കോഴിയിറച്ചിയുടെയും വില കുതിക്കുന്നു. കഴിഞ്ഞ ആഴ്ച ഒരു കിലോക്ക് 25 രൂപയുണ്ടായിരുന്ന സവാള വില ഇപ്പോൾ 40 രൂപ പിന്നിട്ടു. 25 ൽ നിന്ന് ഒറ്റയടിക്ക് 35 ലേക്ക് കുതിച്ച വില പീന്നീട് ഓരോദിവസവും കൂടുകയാണ്. മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിൽനിന്നാണ് ജില്ലയിൽ സവാള എത്തുന്നത്. മഹാരാഷ്ട്രയിലെ നാസികിൽനിന്നാണ് കൂടുതലും എത്തുന്നത്.
കഴിഞ്ഞ രണ്ടു വർഷമായി ഒക്ടോബർ മുതൽ സവാള വില കുത്തനെ വർധിച്ചിരുന്നു. 2019 ഡിസംബറിൽ ചില്ലറ വില 140 രൂപ വരെ എത്തിയിരുന്നു. കഴിഞ്ഞ വർഷം നൂറു രൂപയും പിന്നിട്ടു. ഈ വർഷം 20 രൂപവരെയായി കുറഞ്ഞ ശേഷമാണ് കുതിപ്പിന് തുടക്കമായത്. വരുംദിവസങ്ങളിലും വില ഉയരുമെന്നാണ് കച്ചവടക്കാർ നൽകുന്ന സൂചന. നേരത്തേ വിളവെടുത്ത് സംഭരിച്ചുവെച്ച സവാളയാണ് വിപണിയിലെത്തുന്നത്. അതിനാൽ, ഇടനിലക്കാരാണ് വില കൂട്ടുന്നതെന്ന് വ്യക്തമാണ്. മുന്തിയ ഇനം ഉള്ളി വിപണിയിൽ ലഭ്യവുമല്ല. താരതമ്യേന വില കുറഞ്ഞ റോസ് നിറമുള്ള ഇനമാണ് വിപണിയിൽ ഏറെയുള്ളത്.
തക്കാളിയുടെയും കോഴിയിറച്ചിയുടെയും വിലയും ഉയരുകയാണ്. രണ്ടു മാസം മുമ്പ് ഒരു കിലോക്ക് പത്തു രൂപക്ക് വരെ ലഭിച്ച തക്കാളിക്ക് നിലവിൽ 35 രൂപയാണ് മൊത്തവില. വലിയ തക്കാളിക്ക് 55 രൂപ നൽകണമെന്ന് മൊത്തക്കച്ചവടക്കാർ പറയുന്നു. സവാള വില പോലെ പെട്ടെന്നാണ് തക്കാളി വിലയും ഉയർന്നത്.
തമിഴ്നാട്ടിലെ ഫാമുകാർ കൃത്രിമക്ഷാമമുണ്ടാക്കി കോഴിയിറച്ചിയുടെ വില വർധിപ്പിക്കുകയാണെന്നാണ് കച്ചവടക്കാർ പറയുന്നത്. കിലോക്ക് 230 രൂപ വരെ കച്ചവടക്കാർ ഇൗടാക്കുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ ഒഴിവായി ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാൻ അനുവാദം കിട്ടിയതോടെ ചിക്കൻ വിഭവങ്ങൾക്ക് ആവശ്യക്കാരേറെയാണ്. എന്നാൽ, വിലക്കയറ്റം ഹോട്ടൽ ഉടമകളെയും വലക്കുകയാണ്.
വിലകുറച്ച് കോഴിയിറച്ചി വിപണനം നടത്താനുള്ള കേരള ചിക്കൻ പദ്ധതിയും പൂർണ വിജയത്തിലെത്തിയിട്ടില്ല. ചിലയിടങ്ങളിൽ കേരള ചിക്കൻ ഔട്ട്ലെറ്റുകളുണ്ടെങ്കിലും പൊതുവിപണിയുമായി കാര്യമായ വില വ്യത്യാസമില്ല. വില കുറക്കാൻ സർക്കാർ ഇടപെടുന്നുമില്ല. സംസ്ഥാനത്ത് കൂടുതൽ ഉൽപാദനം നടത്താനും തയാറാകുന്നില്ല. നിലവിലുള്ള വൻകിട ഫാമുകൾ തമിഴ്നാട് ലോബി തന്നെയാണ് നിയന്ത്രിക്കുന്നത്. നേരത്തേ 14.5ശതമാനം നികുതിയുണ്ടായിരുന്ന കോഴിക്ക് ജി.എസ്.ടിയിൽ നികുതി കുറഞ്ഞിട്ടും വില കുറക്കാനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.