കോഴിക്കോട്: പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിയ ഡെപ്യൂട്ടി തഹസിൽദാർ തസ്തികയിലുള്ള ഉദ്യോഗസ്ഥന് സർവിസിൽനിന്ന് സസ്പെൻഷൻ. ഉത്തരമേഖല റവന്യൂ വിജിലൻസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫിസിലെ ജൂനിയർ സൂപ്രണ്ട് ഉമാകാന്തനെയാണ് ജില്ല കലക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. 2018ലെ പ്രളയ ദുരിതത്തിൽപെട്ടവർക്കുള്ള അടിയന്തര ധനസഹായത്തിൽനിന്ന് 77,600 രൂപയാണ് ഉമാകാന്തൻ വെട്ടിച്ചത്.
വെള്ളിമാട്കുന്നിലെ ദേശസാത്കൃത ബാങ്ക് ശാഖയിലെ അക്കൗണ്ടിലേക്കാണ്16 തവണയായി പണം നിക്ഷേപിച്ചത്. ബന്ധുവായ സ്ത്രീയുടെ അക്കൗണ്ടിലെത്തിയ പണം ഉടൻ പിൻവലിക്കുകയും ചെയ്തിരുന്നു. പ്രളയ ദുരിതാശ്വാസ ഫണ്ട് ഉടൻ നൽകാൻവേണ്ടി വിവിധ ഓഫിസുകളിൽനിന്ന് കലക്ടറേറ്റിൽ ജോലിക്കായി ഉമാകാന്തനടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. ഇതിനിടെയാണ് തട്ടിപ്പ് നടത്തിയത്. ധനാപഹരണം നടന്നതായും സസ്പെൻഡ് ചെയ്യണമെന്നും ജില്ല സീനിയർ ഫിനാൻസ് ഓഫിസർ മനോജൻ ജില്ല കലക്ടർ എൻ. തേജ് ലോഹിത് റെഡ്ഡിക്ക് റിപ്പോർട്ട് നൽകിയതിന് പിറ്റേന്നാണ് സസ്പെൻഷൻ ഉത്തരവിറങ്ങിയത്.
സി.പി.ഐയുടെ സർവിസ് സംഘടന പ്രവർത്തകനാണ് ഉമാകാന്തൻ. ഇദ്ദേഹത്തെ ശിക്ഷാനടപടികളിൽ നിന്നൊഴിവാക്കാൻ ചില സി.പി.ഐ നേതാക്കളും സർവിസ് സംഘടന നേതാക്കളും ശ്രമം നടത്തിയിരുന്നു. തട്ടിപ്പിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനും ജില്ല ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. ഫിനാൻസ് ഓഫിസറും ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടറും ഐ.ടി മിഷൻ ജില്ല ഓഫിസറും ചേർന്നാണ് അന്വേഷണം നടത്തുക. ഉമാകാന്തൻ വെട്ടിച്ച തുക ട്രഷറിയിൽ തിരിച്ചടപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.