കോഴിക്കോട്: നഗരം കേന്ദ്രീകരിച്ച് ചീട്ടുകളി സംഘങ്ങൾ സജീവമാകുന്നു. ലക്ഷക്കണക്കിന് രൂപവെച്ചാണ് ചീട്ടുകളി. പാളയം, മെഡിക്കൽ കോളജ് എന്നിവിടങ്ങളിലെ ചില ലോഡ്ജുകൾ കേന്ദ്രീകരിച്ചാണ് ചീട്ടുകളി. കടപ്പുറത്തെ ആളൊഴിഞ്ഞ ഭാഗങ്ങളിലും ഇത്തരം സംഘങ്ങൾ താവളമാക്കുന്നുണ്ട്.
വെള്ളയിൽ തുറമുഖത്തോടുചേർന്നുള്ള പുലിമുട്ടിന് സമീപത്തെ കാടുമൂടിയ ഭാഗം ചീട്ടുകളിക്കാരുടെ സ്ഥിരം ഇടമാണ്. കാടുമൂടിയ ഭാഗവും ആളൊഴിഞ്ഞ പ്രദേശവുമായതിനാൽ ഇവിടേക്ക് പൊലീസ് എത്താറില്ലെന്നതാണ് ഇവർക്ക് അനുഗ്രഹമാകുന്നത്. വെള്ളയിൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഈ ഭാഗത്ത് മദ്യപാനവും രാപകൽ ഭേദമില്ലാതെ തുടരുന്നുണ്ട്. നിരവധി മദ്യ കുപ്പികളാണ് ഈ ഭാഗത്ത് കടപ്പുറത്ത് പൊട്ടിച്ചിട്ടിരിക്കുന്നത്. കഴിഞ്ഞയാഴ്ച 12 അംഗ ചീട്ടുകളി സംഘം പാളയത്തെ ലോഡ്ജിൽനിന്ന് ഡൻസാഫ് സ്ക്വാഡും ടൗൺ പൊലീസും ചേർന്ന് പിടികൂടിയിരുന്നു. 2,80,500 രൂപയാണ് ഇവരിൽനിന്ന് പൊലീസ് കണ്ടെടുത്തത്. ദിവസേന ലക്ഷക്കണക്കിന് രൂപ വെച്ച് ചീട്ടുകളിക്കുന്ന സംഘമാണിതെന്നാണ് അറിവായത്.
ചീട്ടുകളി സംഘങ്ങൾ പലപ്പോഴും പിടിയിലാവാറുണ്ടെങ്കിലും പെട്ടെന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നതിനാൽ ഇവർ വീണ്ടും ഈ മേഖലയിൽ തുടരുകയാണ്. പൊലീസാണെങ്കിൽ ചീട്ടുകളി കേസിൽ പിടിയിലായി ജാമ്യത്തിലിറങ്ങിയവരെ പിന്നീട് നിരീക്ഷിക്കുന്നുമില്ല. ഇതര ജില്ലകളിൽനിന്നടക്കം ചീട്ടുകളി സംഘങ്ങൾ നഗരത്തിലെത്തുന്നതായി വിവരം ലഭിച്ചതോടെ മുമ്പ് സിറ്റി പൊലീസ് വ്യാപക പരിശോധന നടത്തിയിരുന്നു. അന്ന് ടൗൺ, കസബ, മെഡിക്കൽ കോളജ്, വെള്ളയിൽ പൊലീസ് വീട് വാടകക്കെടുത്തടക്കം പ്രവർത്തിക്കുന്ന ചീട്ടുകളി സംഘങ്ങളെ പിടികൂടിയിരുന്നു. എന്നാൽ തുടർ പരിശോധനയില്ലാത്തതോടെ നഗരത്തിൽ നിർമാണം പാതിയിൽ മുടങ്ങിയ കെട്ടിടങ്ങൾ അടക്കമുള്ളവ ചീട്ടുകളി സംഘങ്ങൾ താവളമാക്കുകയാണ്. ചീട്ടുകളിക്കിടെ മയക്കുമരുന്ന് അടക്കമുള്ള ലഹരിയുടെ ഉപയോഗവും വലിയ തോതിലാണ് നടക്കുന്നത്. തുടർ പരിശോധന നടത്തി ചീട്ടുകളി സംഘങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് ഉയരുന്ന ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.