താമരശ്ശേരി: പരപ്പൻപൊയിലിൽ ആയുധധാരികളായ ഗുണ്ടസംഘം രാത്രി വീട്ടിൽനിന്ന് തട്ടിെക്കാണ്ടുപോയ പ്രവാസിയെ കണ്ടെത്താനായില്ല. പ്രതികളെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഞായറാഴ്ച ഡി.ഐ.ജി പുട്ട വിമലാദിത്യ താമരശ്ശേരിയിലെത്തി അന്വേഷണ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. കോഴിക്കോട് റൂറൽ എസ്.പി കറുപ്പുസ്വാമി, വയനാട് എസ്.പി ആർ. ആനന്ദ്, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി ബാലചന്ദ്രൻ എന്നിവർ താമരശ്ശേരിയിൽ ക്യാമ്പ് ചെയ്ത് ഞായറാഴ്ച രാത്രിയിലും സംശയമുള്ളവരെ ചോദ്യംചെയ്തു. സി.സി ടി.വി, മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ചും അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് പരപ്പൻപൊയിലിൽ കുറുന്തോട്ടിക്കണ്ടി ഷാഫിയെയും ഭാര്യ സനിയയെയും കാറിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.
പരിക്കേറ്റ സനിയയെ പിന്നീട് വഴിയിൽ ഇറക്കിവിട്ടു. പ്രതികൾ സഞ്ചരിച്ച കാർ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. 7001 എന്ന നമ്പറുള്ള വെള്ള സ്വിഫ്റ്റ് കാറിലാണ് പ്രതികൾ എത്തിയതെന്ന് വ്യക്തമായിരുന്നു. എന്നാൽ, കാർ ഏത് ആർ.ടി ഓഫിസിൽ രജിസ്റ്റർ ചെയ്തതാണെന്ന് വ്യക്തമായിട്ടില്ല. സംശയമുള്ള ചില കാറുകൾ കസ്റ്റഡിയിലെടുത്ത് ഉടമകളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ദുബൈയിൽ മൊബൈൽ കടയും റിയൽ എസ്റ്റേറ്റ് ബിസിനസുമുള്ള ഷാഫിയെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് തട്ടിക്കൊണ്ടു പോയതെന്നാണ് സൂചന. ഷാഫിയുടെ മൊബൈൽ ലൊക്കേഷൻ വയനാട് ഭാഗത്ത് കാണിച്ചതോടെ അന്വേഷണം അയൽ സംസ്ഥാനത്തേക്ക് വ്യാപിപ്പിച്ചിട്ടുണ്ടെന്നും പ്രദേശത്തെ ക്വട്ടേഷൻ സംഘങ്ങളിലെ കണ്ണികളെ ചോദ്യംചെയ്യൽ തുടരുകയാണെന്നും ഡിവൈ.എസ്.പി ടി.കെ. അശ്റഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.