കോഴിക്കോട്: സാധാരണക്കാരുടെ പ്രധാന ആശ്രമായിരുന്ന പാസഞ്ചർ (സ്പെഷൽ ട്രെയിനുകൾ) പുനഃസ്ഥാപിക്കാത്തത് മലബാറിലെ യാത്രാ പ്രതിസന്ധി രൂക്ഷമാക്കുന്നു. സെപ്റ്റംബർ ഒമ്പതിനാണ് ഷൊർണൂർ- കോഴിക്കോട് ട്രാക്ക് അറ്റകുറ്റപ്പണിയുടെ പേരുപറഞ്ഞ് 06495 തൃശൂർ -കോഴിക്കോട്, 06496 -കോഴിക്കോട് -ഷൊർണൂർ ട്രെയിനുകൾ റദ്ദാക്കിയത്. ആറ് ആഴ്ചത്തേക്കായിരുന്നു സർവിസ് റദ്ദാക്കിയത്.
പിന്നീട് മൂന്നു മാസത്തിനുള്ളിൽ പ്രവൃത്തി പൂർത്തീകരിച്ച് ട്രെയിനുകൾ പുനഃസ്ഥാപിക്കുമെന്ന് പറഞ്ഞെങ്കിലും നടന്നില്ല. ഇപ്പോൾ ആറുമാസമായിട്ടും പുനഃസ്ഥാപിക്കാൻ നടപടിയായിട്ടില്ല. ഷൊർണൂർ- കോഴിക്കോട് ട്രാക്ക് അറ്റകുറ്റപ്പണി കഴിഞ്ഞയാഴ്ച പൂർത്തീകരിച്ചിട്ടുണ്ട്.
ട്രെയിൻ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എം.കെ. രാഘവൻ എം.പി റെയിൽവേ മന്ത്രിക്ക് നിവേദനം നൽകി. റദ്ദാക്കിയ സ്പെഷൽ ട്രെയിനുകൾ പാസഞ്ചർ ട്രെയിനുകളായോ മെമു ആയിട്ടോ പുനഃസ്ഥാപിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. ജനറൽ കമ്പാർട്ടുമെന്റുകൾ വെട്ടിക്കുറച്ചതും ട്രെയിനുകൾ മുടങ്ങുന്നതും കാരണം മലബാർ മേഖലയിൽ ട്രെയിനുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ ഉച്ചക്ക് 2.40 ഷൊർണൂരിൽ നിന്ന് പുറപ്പെടുന്ന ഷൊർണൂർ-കോഴിക്കോട് സ്പെഷൽ എക്സ്പ്രസ് ട്രെയിൻ റദ്ദാക്കിയതും റൂട്ടിൽ തിരക്ക് വർധിക്കാനിടയാക്കി. ഇന്ന് പുലർച്ച ഷൊർണൂരിൽ നിന്ന് പുറപ്പെടുന്ന എക്സ്പ്രസ് ട്രെയിനും റദ്ദാക്കിയതിൽ ഉൾപ്പെടും. പല ട്രെയിനുകളും വൈകിയോടുന്നതും തിരക്ക് വർധിക്കാനിടയാക്കുന്നു.
കോവിഡ് ലോക്ഡൗണിൽ നിർത്തിവെച്ച ലോക്കൽ സർവിസുകൾ പുനരാരംഭിച്ചിട്ടില്ല. കോവിഡിനുശേഷം ട്രെയിനുകൾ പുനരാരംഭിച്ചപ്പോൾ പാസഞ്ചർ ട്രെയിനുകൾ ‘സ്പെഷൽ എക്സ്പ്രസ്’ വിഭാഗത്തിലേക്ക് മാറ്റി എക്സ്പ്രസ് ടിക്കറ്റ് നിരക്ക് ഈടാക്കുകയായിരുന്നു. പത്ത് രൂപയായിരുന്ന ടിക്കറ്റ് നിരക്ക് മുപ്പതിലേക്ക് ഉയർത്തി.
ഏറ്റവും തിരക്കുള്ള വൈകുന്നേരങ്ങളിൽ ഓടിയിരുന്ന കോയമ്പത്തൂർ- കണ്ണൂർ, ഷൊർണൂർ -കോഴിക്കോട്, ആലപ്പുഴ- കണ്ണൂർ വണ്ടികളുടെ സമയമാറ്റം വരുത്തിയതും യാത്രക്കാർക്ക് തിരിച്ചടിയായി. മലബാറിലെ ഉൾഗ്രാമങ്ങളിൽനിന്ന് കണ്ണൂർ, കോഴിക്കോട്, കാലിക്കറ്റ് യൂനിവേഴ്സിറ്റി, തിരൂർ, കുറ്റിപ്പുറം, പട്ടാമ്പി, ഷൊർണൂർ, പാലക്കാട് എന്നിവിടങ്ങളിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനത്തിനെത്തുന്ന വിദ്യാർഥികളും ഉദ്യോഗസ്ഥരും സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികളും കച്ചവടക്കാരും സ്ഥിരയാത്രക്ക് ട്രെയിൻ സർവിസിനെ ആശ്രയിക്കുന്നവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.