കോഴിക്കോട്: സർക്കാർ ആശുപത്രിക്കെതിരെ സമൂഹമാധ്യമത്തിൽ ലൈവ് നൽകിയതിന് കള്ളക്കേസെടുത്തെന്ന പരാതി മനുഷ്യാവകാശ കമീഷൻ തെളിവുകളുടെ അഭാവത്തിൽ തള്ളി. പരാതിക്കാരന് പൊലീസ് അന്വേഷണത്തിൽ പരാതിയുണ്ടെങ്കിൽ ബന്ധപ്പെട്ട കോടതിയെ സമീപിക്കാമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടന്ന സിറ്റിങ്ങിലാണ് കേസ് തീർപ്പാക്കിയത്.
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ഭാഗ്യരൂപയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉേള്ള്യരി സ്വദേശി വി.എം. ഷൈജുവിനെതിരെ കേസെടുത്തത്. പനി ബാധിച്ച മകനെ ചികിത്സിക്കാൻ എത്തിയതായിരുന്നു പരാതിക്കാരൻ. ക്യൂ തെറ്റിച്ച് രോഗികളെ ഡോക്ടറുടെയടുത്ത് കടത്തിവിട്ട സെക്യൂരിറ്റിയുടെ നടപടിയെയാണ് ഫേസ്ബുക്ക് ലൈവിലൂടെ താൻ ചോദ്യംചെയ്തതെന്ന് പരാതിക്കാരൻ അറിയിച്ചു. എന്നാൽ, പരാതിക്കാരൻ ഡ്യൂട്ടി റൂമിന് മുന്നിലെത്തി ഡോക്ടറുടെ ജോലി തടസ്സപ്പെടുത്തി ബഹളംകൂട്ടിയതായി ജില്ല മെഡിക്കൽ ഓഫിസറും ജില്ല പൊലീസ് മേധാവിയും കമീഷനെ അറിയിച്ചു. അനുവാദമില്ലാതെ വിഡിയോ ചിത്രീകരിച്ചു. പരാതിക്കാരനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. റിപ്പോർട്ടുകൾ പരാതിക്കാരന് നൽകിയെങ്കിലും ആക്ഷേപം ഉന്നയിച്ചില്ല. ക്രിമിനൽ കേസ് അന്വേഷണ ഘട്ടത്തിലാണെന്ന് കമീഷൻ വിലയിരുത്തി. ഇപ്പോഴത്തെ അവസ്ഥയിൽ കമീഷന് ഇടപെടാനുള്ള സാഹചര്യമില്ലെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.