കീഴുപറമ്പ്: കണ്ടാൽ കണ്ണ് നിറയുന്ന നിസ്സഹായാവസ്ഥയിൽ കഷ്ടതയനുഭവിക്കുകയാണൊരു കുടുംബം. കീഴുപറമ്പ് ഗ്രാമപഞ്ചായത്തിലെ തൃക്കളയൂർ ചോലേരിക്കുന്നത്ത് താമസിക്കുന്ന മൂർക്കത്ത് ശ്രീദേവി-അശോകൻ ദമ്പതികളും മൂന്നാം ക്ലാസുകാരിയായ മകൾ ഗായത്രിയുമാണ് അനുകൂല ജീവിതസാഹചര്യം ഇല്ലാതെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്നത്.
ഏതുനിമിഷവും നിലംപൊത്താറായ പ്ലാസ്റ്റിക് ഷീറ്റ് മേൽക്കൂര, പേരിന് മാത്രം ഒരുഭാഗത്ത് ചുമർ, ബാക്കി ഭാഗം മുഴുവൻ മറച്ചിരിക്കുന്നത് പ്ലാസ്റ്റിക് ഷീറ്റും ഫ്ലക്സും ഉപയോഗിച്ച്. മഴ കനക്കുമ്പോൾ ഇടിമിന്നുന്നത് അശോകെൻറയും ശ്രീദേവിയുടെയും മനസ്സിലാണ്. മകൾ ഗായത്രിയെ കെട്ടിപ്പിടിച്ച് ആശ്വാസമേകാൻ മാത്രമേ ഇരുവർക്കും കഴിയൂ.
വർഷങ്ങളോളം മൂവരും വാടകവീട്ടിലായിരുന്നു. ഇതിനിടെ പട്ടികജാതി വികസന വകുപ്പ് വഴി സ്ഥലം വാങ്ങാൻ ലഭിച്ച 3.75 ലക്ഷം രൂപ ഉപയോഗിച്ച് അഞ്ച് സെൻറ് സ്ഥലം വാങ്ങി. വാടക കൊടുക്കാൻ കഴിയാതായപ്പോൾ ഷെഡ് കെട്ടി താമസമായി. ഇപ്പോൾ മൂന്ന് വർഷമായി ഇവിടെ കഴിയുകയാണ്.
ലൈഫ് ഭവന പദ്ധതിക്ക് അപേക്ഷിച്ചിരുന്നെങ്കിലും കിട്ടിയില്ല. ഇപ്പോൾ വീണ്ടും അപേക്ഷിച്ചിട്ടുണ്ട്. സ്വന്തമായി കക്കൂസില്ല. തൊഴിലുറപ്പ് പദ്ധതി പ്രകാരം കിണർ രണ്ട് മാസം മുമ്പ് കുഴിച്ചിട്ടുണ്ട്. പക്ഷേ, പണം കിട്ടിയിട്ടില്ല. കിണറിന് ചുറ്റുമതിൽ കെട്ടാത്തത് അപകടഭീഷണിയുമാണ്. വൈദ്യുതി ലഭ്യമായിട്ടില്ല. ഇനി വൈദ്യുതി കിട്ടിയാലും ഗായത്രിക്ക് ഓൺലൈൻ പഠനത്തിന് വിക്ടേഴ്സ് ചാനൽ കാണാൻ വീട്ടിൽ ടി.വിയില്ല.
കുടുംബത്തിെൻറ സങ്കടം കേട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.വി. റൈഹാന ബേബി ഗായത്രിക്ക് അടുത്തിടെ ഒരു മൊബൈൽ ഫോൺ സംഘടിപ്പിച്ച് നൽകി. ഫോൺ ചാർജ് ചെയ്യാൻ മറ്റൊരു വീട്ടിൽ േപാവണം. കൂലിപ്പണിക്കാരനാണ് അശോകൻ. ശ്രീദേവി ഒരു കടയിൽ ദിവസക്കൂലിക്ക് പോകുന്നുണ്ട്. മകളെ ബന്ധുവീട്ടിൽ ഏൽപിച്ചാണ് ഇവർ പണിക്ക് പോവുക.
നാല് ഭാഗവും കടം നിറഞ്ഞിരിക്കുകയാണെന്ന് കണ്ണീരോടെ ശ്രീദേവി പറയുന്നു. കോവിഡ് കാരണം പണി വളരെ കുറഞ്ഞതായി അശോകനും പറയുന്നു. ഭൗതിക സാഹചര്യമൊരുക്കാൻ ഉത്തരവാദപ്പെട്ട ഭരണകൂടങ്ങൾ വഴിയൊരുക്കുമെന്നാണ് ഈ കുടുംബം പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.