കോഴിക്കോട്: ശിശുക്ഷേമ വകുപ്പിന് ഭാരമായി വെള്ളിമാട്കുന്ന് ബാലമന്ദിരത്തിലെ യു.പി സ്കൂൾ. ബാലികാമന്ദിരം സൂപ്രണ്ട് തന്നെ മാനേജരായ യു.പി സ്കൂളിന്റെ ശോച്യാവസ്ഥ വിദ്യാഭ്യാസ വകുപ്പിനുതന്നെ അപമാനമാകുകയാണ്. ബുദ്ധിയും ശക്തിയും നേടി വിദ്യാർഥികൾക്കു നേർവഴിക്കു നടക്കാനാകണമെന്ന തോന്നലിൽ സ്വാതന്ത്ര്യ സമര നായിക കുട്ടിമാളു അമ്മ 1940കളിൽ തുടക്കം കുറിച്ചതാണ് ഏഴാം ക്ലാസ് വരെയുള്ള ഈ സ്ഥാപനം. പ്രതാപം ചൊരിഞ്ഞ് സംസ്ഥാനത്തിനുതന്നെ മാതൃകകാണിച്ച ഈ കലാലയം ഇന്ന് ഏകാധ്യാപക വിദ്യാലയമായി ചുരുങ്ങി.
സ്വഭാവത്തിൽ സർക്കാറാണോ എയ്ഡഡ് ആണോ എന്ന് തീർത്തുപറയാൻ കഴിയാത്ത അവസ്ഥയിലാണ്. സർട്ടിഫൈഡ് സ്കൂൾസ് എൽ.പി ആൻഡ് യു.പി എന്നാണ് പേര്. സ്കൂൾ രേഖയിൽ ഏഴു വിദ്യാർഥികളുണ്ടെങ്കിലും ഒരാൾ ബാലമന്ദിരം തന്നെ വിട്ടുപോയിട്ടുണ്ട്. ഭിന്നശേഷിക്കാരായ (എച്ച്.എം.ഡി.സി) അഞ്ചു വിദ്യാർഥികളും ബാലമന്ദിരത്തിലെ ഒരാൺകുട്ടിയുമാണ് പഠിതാക്കൾ. ഒരധ്യാപകനെ വെച്ച് ക്ലാസുകൾ എങ്ങനെ നടത്തുന്നു എന്ന് ആരും ചോദിക്കരുത്. മന്ദിരങ്ങളിൽവെച്ച് കുട്ടികൾക്ക് സ്പെഷൽ ക്ലാസുകൾ നൽകുന്നു എന്നാണ് അധികൃതഭാഷ്യം.
ഒന്ന്, രണ്ട്, ആറ് ക്ലാസുകളിൽ കുട്ടികളില്ല. മൂന്നിലും നാലിലും രണ്ടുപേരും അഞ്ചിലും ഏഴിലും ഒരാൾ വീതവുമാണുള്ളത്. ബാലമന്ദിരങ്ങളിലെ കുട്ടികളെ സമീപത്തെ സ്കൂളുകളിൽ പഠിപ്പിക്കുമ്പോഴാണ് സ്കൂളിന് വിദ്യാർഥി ദാരിദ്ര്യം. പുറത്തുള്ള കുട്ടികളുമായുള്ള സഹവാസം ഏറെ ഗുണം ചെയ്യുമെന്ന അഭിപ്രായത്തിലാണ് സമീപത്തെ സ്കൂളുകളിലേക്ക് ബാലമന്ദിരങ്ങളിലെ കുട്ടികളെ അയക്കുന്നതത്രെ.
സംസ്ഥാന മനുഷ്യാവകാശ കമീഷൻ അംഗം ജസ്റ്റിസ് എ. ലക്ഷ്മിക്കുട്ടി 2008ൽ കോട്ടയം തിരുവഞ്ചൂർ ജുവനൈൽ ഹോമിൽ പരിശോധന നടത്തി ശിപാർശ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ബാലമന്ദിരങ്ങൾക്ക് ബാധകമാക്കി 2010ൽ വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കിയിരുന്നു. ജുവനൈൽ ഹോമിലെ സ്കൂളുകളിൽ ഒഴിവുള്ള അധ്യാപക തസ്തികകൾ നികത്തണമെന്നായിരുന്നു ശിപാർശ.
സ്കൂളുകളിൽ ഒഴിവുകളുള്ള തസ്തികകളിൽ സാമൂഹികക്ഷേമ വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ആലോചിച്ച് സംരക്ഷിത അധ്യാപകരുടെ സേവനം ലഭ്യമാക്കാൻ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടർമാരെ ചുമതലപ്പെടുത്തിയുമാണ് ഉത്തരവിറങ്ങിയത്. സംരക്ഷിത അധ്യാപകരുടെ സേവനം ലഭ്യമല്ലാത്ത സ്ഥലത്ത് മറ്റ് അധ്യാപകരിൽനിന്ന് സമ്മതപത്രം വാങ്ങി ഒഴിവുകൾ നികത്തണമെന്നും ഉത്തരവിലുണ്ടായിരുന്നു. കോഴിക്കോട്ടെ ഗവ. ചിൽഡ്രൻസ് ഹോം സ്കൂൾ സർക്കാർ ഏറ്റെടുക്കാൻ തത്ത്വത്തിൽ തീരുമാനമായതായും ആ ഉത്തരവിൽ പറഞ്ഞിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.