കോഴിക്കോട്: ജില്ലയിൽ അടുത്ത ദിവസങ്ങളായി കടുത്ത വേനൽച്ചൂടാണ് അനുഭവപ്പെടുന്നത്. താപനിലയിൽ വലിയ വ്യത്യാസം അനുഭവപ്പെട്ടതോടെ ജില്ലയിൽ സംസ്ഥാനത്തെ മറ്റ് അഞ്ചു ജില്ലകൾക്കൊപ്പം കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ദാഹമകറ്റാനായി ജില്ലയുടെ വിവിധ ഭാഗങ്ങളിലായി സർബത്ത്, കരിമ്പ് ജ്യൂസ്, തണ്ണീർ മത്തൻ കടകൾ സ്ഥാനം പിടിച്ചുകഴിഞ്ഞു. ഇതോടെ ജലജന്യരോഗങ്ങളും ഭക്ഷ്യവിഷബാധയും തടയാൻ പരിശോധനയുമായി ഭക്ഷ്യസുരക്ഷ വകുപ്പും രംഗത്തെത്തി. ജില്ലയിലെ ശീതളപാനീയ വിൽപന കേന്ദ്രങ്ങളിലും ജ്യൂസ് കടകളിലും വഴിയോരക്കടകളിലും കുടിവെള്ള ഉൽപാദന കേന്ദ്രങ്ങളിലുമാണ് പരിശോധന കർശനമാക്കിയത്.
വെള്ളത്തിന് ക്ഷാമം ഏറിയതോടെ ഗുണമേന്മയില്ലാത്തതും മലിനമായതുമായ വെള്ളം വിതരണത്തിന് എത്താനുള്ള സാധ്യത കണക്കിലെടുത്താണ് പരിശോധന. കുപ്പിവെള്ള നിർമാണ ശാലകളിലും പരിശോധന നടക്കുന്നുണ്ട്. തണ്ണിമത്തൻ, കരിമ്പ് ജ്യൂസുകൾ മാത്രം വിൽക്കുന്ന കടകളും വഴിയോരങ്ങളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഇവിടങ്ങളിൽ നിന്നെല്ലാം സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തുകയും കടകളിൽ ഉപയോഗിക്കുന്ന വെള്ളം, ഐസ്, പഴങ്ങൾ എന്നിവ ശുദ്ധമാണോയെന്ന് പരിശോധിക്കുകയുമാണ് ചെയ്യുന്നത്. ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ പത്തു കടകൾക്ക് നോട്ടീസ് നൽകിയതായി ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമീഷണർ സക്കീർ ഹുസൈൻ അറിയിച്ചു. ജ്യൂസ് കടകൾ ലൈസൻസുള്ള കടകളിൽനിന്നാണോ ഐസ് വാങ്ങുന്നതെന്ന കാര്യവും ഉറപ്പുവരുത്തും.
ബീച്ചിലെ ഉന്തുവണ്ടി കച്ചവടകേന്ദ്രങ്ങൾ കേന്ദ്രീകരിച്ചും പരിശോധന നടത്തുന്നുണ്ട്. ബീച്ചിൽ പഴങ്ങൾ മുറിച്ച് പൊടിയും അണുക്കളും കലരാവുന്ന സാഹചര്യങ്ങളിൽ പുറത്തുവെക്കുന്നതായി പരിശോധനയിൽ തെളിഞ്ഞിരുന്നു.
ഇത് ചൂണ്ടിക്കാണിച്ചതോടെ രണ്ടാഴ്ചക്കകംതന്നെ ഇവ കണ്ണാടിക്കൂട്ടിൽ വെക്കാമെന്ന് കച്ചവടക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉള്ളവരാണോ വിൽപനക്കാർ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. കോള, സോഫ്റ്റ് ഡ്രിങ്കുകൾ എല്ലാം ഇത്തരം പരിശോധനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.