കോഴിക്കോട്: പ്രണയാഭ്യർഥന നിരസിച്ചതിന് വിദ്യാർഥിനിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ യുവാവിന് 10 വർഷം കഠിന തടവും 50,000 രൂപ പിഴയും. കോഴിക്കോട് കരിവിശ്ശേരി ചിറ്റനിപ്പാട്ട് പറമ്പ് 'കൃഷ്ണ കൃപ'യിൽ മുകേഷിനെയാണ് (35) ഒന്നാം അഡീഷനൽ ജില്ല ആൻഡ് സെഷൻസ് ജഡ്ജ് കെ. അനിൽ കുമാർ ശിക്ഷിച്ചത്. ഇന്ത്യൻ ശിക്ഷാനിയമം 307 (വധശ്രമം), 324 (മാരകായുധം കൊണ്ട് പരിക്കേൽപിക്കൽ), 341 (തടഞ്ഞുവക്കൽ) തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരം പ്രത്യേകം തടവ് വിധിച്ചെങ്കിലും ഒന്നിച്ചനുഭവിച്ചാൽ മതി. പിഴസംഖ്യ പരാതിക്കാരിക്ക് നൽകണം.
2018 മേയ് 10ന് ഉച്ച 1.45ന് യുവതി വീട്ടിൽനിന്ന് നടക്കാവിലെ ട്യൂഷൻ സെന്ററിലേക്ക് സ്കൂട്ടറിൽ യാത്ര ചെയ്യവെ വീടിന് സമീപം റോഡിൽ തടഞ്ഞുനിർത്തി കുപ്പികൊണ്ട് തലക്കടിക്കുകയും പൊട്ടിയ കുപ്പി കൊണ്ട് കുത്തി പരിക്കേൽപിക്കുകയും ചെയ്തെന്നാണ് കേസ്.
ഒളിവിൽപോയ പ്രതി പിന്നീട് ജൂലൈയിലാണ് കോടതിയിൽ കീഴടങ്ങിയത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ ജോജു സിറിയക്, അഡ്വ. സന്തോഷ് കെ. മേനോൻ, അഡ്വ. കെ. മുഹസിന എന്നിവർ ഹാജരായി. ചേവായൂർ പൊലീസ് ഇൻസ്പെക്ടർ കെ.കെ. ബിജുവാണ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.