ഡോ. ടി.കെ. മുഹമ്മദ് വീട്ടുവളപ്പിലെ ഔഷധത്തോട്ടത്തില്‍

ഔഷധച്ചെടികളെ നെഞ്ചോടു ചേര്‍ത്ത് ഒരു ഡോക്ടര്‍

താമരശ്ശേരി: വീട്ടുമുറ്റത്തടക്കം ഔഷധ സസ്യങ്ങള്‍ കൃഷിചെയ്ത് വ്യത്യസ്​തനാവുകയാണ് ആയുര്‍വ്വേദ ഡോക്ടറായ തലയാട് തേക്കുള്ളകണ്ടി വീട്ടില്‍ ടി.കെ. മുഹമ്മദ്. ഔഷധസസ്യങ്ങള്‍ നട്ടുപിടിപ്പിച്ച് പരിപാലിക്കുന്ന നാട്ടുവൈദ്യന്മാര്‍ നിരവധിയുണ്ടെങ്കിലും വീട്ടുമുറ്റത്തടക്കം അമൂല്യങ്ങളായ ഔഷധച്ചെടികള്‍ കൃഷി ചെയ്തു പരിപാലിക്കുന്നവരെ കുറിച്ച്് അധികം കേട്ടിട്ടില്ല.

മര്‍മചികില്‍സയില്‍ ഉപയോഗിക്കുന്ന മുക്കണ്ണന്‍ പെരിയില, വിഷചികിത്സക്ക് ഉപയോഗിക്കുന്ന കൈപനരച്ചി, പൈല്‍സ് രോഗത്തിന്​ ഉപയോഗിക്കുന്ന കാട്ടുമുഞ്ഞ, കാട്ടെരിക്ക്, സോറിയാസിസ് രോഗികള്‍ക്കുള്ള ദന്തപാല, മറ്റു അപൂര്‍വ ഔഷധങ്ങളായ നീര്‍മാതളം, പാരിജാതം, പാല്‍മുതുക്ക്, അഗസ്തി ചീര, പെരഞ്ചയം, ഗരുഡകൊടി, നീല അമരി, ഇലക്കള്ളി, പുഴമഞ്ഞള്‍, എരിക്ക്് തുടങ്ങിയ നൂറില്‍പരം ഔഷധസസ്യങ്ങളാണ് ശാസ്ത്രീയമായ രീതിയില്‍ വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തുന്നത്.

വീട്ടുമുറ്റത്ത് അലങ്കാര ചെടികള്‍ക്കു പകരം ചട്ടിയിലും മറ്റും വളര്‍ത്തുന്നത് നീല അമരിയും രാസ്‌നാദി ചെടികളുമാണ്. രണ്ടു പതിറ്റാണ്ടു കാലത്തെ ഔഷധ സസ്യമേഖലയിലെ പഠനവും ഔഷധ തോട്ടങ്ങളിലേക്കും വനങ്ങളിലേക്കുമുള്ള യാത്ര അനുഭവങ്ങളുമാണ് തന്നെ ഔഷധസസ്യ പരിപാലനത്തിലേക്കെത്തിച്ചതെന്ന് ഡോ. മുഹമ്മദ് പറഞ്ഞു.

തമിഴ്‌നാട്ടിലെ തേനിമല, സൈലൻറ് വാലി, ഇടുക്കി ഭൂതത്താന്‍കെട്ട്​ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നാണ് ഔഷധസസ്യങ്ങള്‍ ശേഖരിച്ചതെന്നും മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും ഇത് ഏറെ സഹായകമായിട്ടുണ്ടെന്നും തലയാട് ഗവ. ആയുര്‍വേദ ആശുപത്രിയിലേ ചീഫ് മെഡിക്കല്‍ ഓഫിസർ കൂടിയായ ഡോ. മുഹമ്മദ് വ്യക്തമാക്കി. ആയുർവേദ ഔഷധകൃഷിയെ കുറിച്ചുള്ള ബോധവത്​കരണം, താല്‍പര്യമുളളവര്‍ക്ക് ഔഷധസസ്യ വിതരണം എന്നിവയും ഡോക്ടര്‍ നടത്തുന്നുണ്ട്. ഭാര്യ ജുവൈരിയയും മക്കളായ മുഷ്താഖ് റഹ്മാന്‍, മെഹ്താബ് ജുസൈം, ആയിഷ ഫര്‍ഹ എന്നിവരും ഡോക്ടറുടെ ഔഷധസസ്യ കൃഷിക്കും പരിപാലനത്തിനും കൂടെയുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.