പ്രവാസിയെ തട്ടിക്കൊണ്ടുപോകൽ: കസ്റ്റഡിയിലെടുത്തവരെ താമരശ്ശേരിയിലെത്തിച്ചു

താമരശ്ശേരി: പ്രവാസി യുവാവ് പരപ്പൻപൊയിൽ കുറുന്തോട്ടിക്കണ്ടി മുഹമ്മദ് ഷാഫിയെ (38) ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നുപേർകൂടി കസ്റ്റഡിയിൽ. ഷാഫിയെ തട്ടിക്കൊണ്ടുപോകുന്നതിൽ നേരിട്ട് പങ്കുണ്ടെന്ന് സംശയിക്കുന്ന കാസർകോട്, ഹോസ്ദുർഗ് സ്വദേശികളായ മൂന്നു പേരെയാണ് വെള്ളിയാഴ്ച രാത്രി പത്തരയോടെ അന്വേഷണസംഘം താമരശ്ശേരിയിൽ എത്തിച്ചത്.

തട്ടിക്കൊണ്ടുപോവാൻ ഉപയോഗിച്ചതെന്ന് കരുതുന്ന കാറും കാർ വാടകക്ക് കൊടുക്കാൻ സഹായിച്ച ആളെയും കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതോടെ നാലുപേർ പിടിയിലായി.

വെള്ളിയാഴ്ച അജ്ഞാത കേന്ദ്രത്തിൽനിന്ന് ഷാഫിയുടെ പുതിയ വിഡിയോ പുറത്തുവന്നിരുന്നു. തന്നെക്കൊണ്ട് എല്ലാം ചെയ്യിച്ചത് സഹോദരനാണെന്നായിരുന്നു വിഡിയോയിൽ പറഞ്ഞത്. അന്വേഷണം വഴിതെറ്റിക്കുക എന്ന ഉദ്ദേശ്യത്തോടെ ഭീഷണിപ്പെടുത്തി പറയിപ്പിക്കുകയാണെന്നാണ് ഇത് സംബന്ധിച്ച് കുടുംബാംഗങ്ങളുടെ പ്രതികരണം.

സൗദിയിൽനിന്ന് 325 കിലോ സ്വർണം കടത്തിയതിന്റെ വിഹിതം നൽകാത്തതിനാലാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്ന് പറയുന്ന ഷാഫിയുടെ വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 80 കോടി വിലവരുന്ന സ്വർണമാണെന്നും ഇതിൽ 20 കോടി തട്ടിക്കൊണ്ടുപോയവർക്ക് നൽകണമെന്നുമായിരുന്നു ആദ്യ വിഡിയോയിൽ പറഞ്ഞത്.

ഇതിനു പിന്നാലെയാണ് പുതിയ വിഡിയോ പുറത്തെത്തിയത്. എന്നാൽ, ഷാഫി എവിടെയാണെന്നത് സംബന്ധിച്ച് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടില്ല. കർണാടക അതിർത്തിയോട് ചേർന്ന പ്രദേശത്ത് ഒളിവിൽ കഴിഞ്ഞവരെയാണ് വെള്ളിയാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത് താമരശ്ശേരിയിലെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - Abduction of expatriate-Those who were taken into custody were taken to Thamarassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.