താമരശ്ശേരി: അമ്പലമുക്കിൽ ലഹരി മാഫിയാ സംഘം പ്രവാസി യുവാവിന്റെ വീട് ആക്രമിച്ച സംഭവത്തിൽ മുഖ്യപ്രതി അടക്കം നാലുപേർ അറസ്റ്റിലായി. മുഖ്യപ്രതി കുടുക്കിലുമ്മാരം കയ്യേലികുന്നുമ്മൽ ചുരുട്ട അയ്യുബ് എന്ന അയ്യൂബ്ബ് (35), മാനിപുരം വട്ടങ്ങാംപൊയിൽ വി.കെ. അഷറഫ് (32), മാനിപുരം കോളിക്കെട്ടി കുന്നുമ്മൽ മഹേഷ് കുമാർ (44), കളരാന്തിരി ലക്ഷം വീട് വെളുത്തേടത്ത് ചാലിൽ സനൂപ് (24) എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം എട്ടായി. കുടുക്കിലുമ്മാരെത്ത വീട്ടിൽ വ്യാഴാഴ്ച രാവിലെ പരിശോധനക്ക് എത്തിയ പൊലീസിനുനേരെ കത്തി വീശി ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മതിൽ ചാടിയ അയ്യൂബിന്റെ കാലിന് പരിക്കേറ്റു. പിന്തുടർന്ന പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് മറ്റു മൂന്ന് പ്രതികൾ വലയിലായത്. കഴിഞ്ഞ ദിവസം ഫോർട്ട് കൊച്ചി സ്വദേശി ഷക്കീർ, കൂടത്തായി കരിങ്ങമണ്ണ വിഷ്ണുദാസ്, കെ.കെ. ദിപീഷ്, റജീന എന്നിവർ പിടിയിലായിരുന്നു.
അമ്പലമുക്ക് കൂരിമുണ്ടയിൽ മൻസൂറിന്റെ വീടിനോടുചേർന്ന് അയ്യൂബ് 10 സെന്റ് സ്ഥലം വാങ്ങി അവിടെ ലഹരി ഉപയോഗത്തിനും ലഹരി കച്ചവടത്തിനും വേണ്ടി ഉപയോഗിച്ചത് എതിർത്തതിനാലാണ് ലഹരി മാഫിയ സംഘം തിങ്കളാഴ്ച വൈകീട്ട് മൻസൂറിന്റെ വീട്ടിലെത്തി ആക്രമണം അഴിച്ചുവിടുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തത്. മൻസൂറിന്റെ വീട്ടുപരിസരത്ത് സ്ഥാപിച്ച സി.സി.ടി.വി കാമറകൾ എടുത്തുമാറ്റണമെന്ന് ആക്രോശിച്ചായിരുന്നു ആക്രമണം. വീടിന്റെ ജനൽചില്ലുകളും കാറും അടിച്ചു തകർത്ത സംഘം, പൊലീസ് വാഹനങ്ങൾ അടിച്ചു തകർക്കുകയും പൊലീസിനുനേരെ കല്ലേറു നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ ഒരാൾക്ക് വെട്ടേറ്റിരുന്നു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഉൾപ്പെട്ട 15ഓളം പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഡിവൈ.എസ്.പി അശ്റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
‘താമരശ്ശേരിയിലെ ലഹരി വിപണന കേന്ദ്രത്തെക്കുറിച്ച് അന്വേഷിക്കണം’
താമരശ്ശേരി അമ്പലംമുക്കിൽ ലഹരി മാഫിയ ലഹരി വിപണന കേന്ദ്രം തുടങ്ങിയിട്ടും പൊലീസ് ഫലപ്രദമായി ഇടപെടുന്നില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. കോഴിക്കോട് റൂറൽ ജില്ല പൊലീസ് മേധാവി പരാതിയെക്കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. സെപ്റ്റംബർ 29ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. ലഹരി മാഫിയയെ കണ്ടെത്താൻ സി.സി.ടി.വി സ്ഥാപിച്ച വീട്ടിൽ അതിക്രമിച്ചുകയറി കാർ തകർത്ത സംഭവം കഴിഞ്ഞ ദിവസമാണുണ്ടായത്. വീട്ടുകാരെയും ആക്രമിച്ചു. വിവരം അന്വേഷിക്കാനെത്തിയ പൊലീസുകാരെ ലഹരി മാഫിയ വിരട്ടിയോടിച്ചു. സ്ഥലത്ത് പത്തുസെന്റ് സ്ഥലം വിലക്കെടുത്ത് ലഹരി വിപണന കേന്ദ്രം ഒന്നരവർഷമായി പ്രവർത്തിക്കുന്നുണ്ട്. അക്രമകാരികളായ പട്ടികളുടെ സംരക്ഷണയിലാണ് നിയമലംഘനങ്ങൾ നടക്കുന്നത്. പൊലീസിന് പരാതി നൽകിയാലും ഫലമില്ല. ലഹരി വിപണനത്തിന് ജനറേറ്ററിന്റെ സഹായവുമുണ്ട്. പ്ലസ് ടു വിദ്യാർഥികൾപോലും ലഹരി കേന്ദ്രത്തിലെത്താറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ലഹരി മാഫിയ കേന്ദ്രം അടച്ചുപൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.