മുൻ എം.എൽ.എ സി. മോയിൻകുട്ടിയുടെ മൃതദേഹം താമരശ്ശേരിയിലെ വസതിയിൽ പൊതു ദർശനത്തിന് ​െവച്ചപ്പോൾ അന്ത്യോപചാരം അർപ്പിക്കാൻ എത്തിയവരുടെ തിരക്ക്

വിടപറഞ്ഞത് നാട്ടുകാരുടെ ബാപ്പുക്ക

താമരശ്ശേരി: നാടി​െൻറ വികസന ക്ഷേമ കാര്യങ്ങളില്‍ അതിയായ താല്‍പര്യം കാണിച്ചിരുന്ന സി. മോയിന്‍കുട്ടിയെ നാട്ടുകാര്‍ സ്‌നേഹത്തോടെ ബാപ്പുക്ക എന്നായിരുന്നു വിളിച്ചിരുന്നത്. രാഷ്​ട്രീയ എതിരാളികൾക്കു പോലും ശത്രുതയും എതിര്‍പ്പുമില്ലാത്ത പൊതുപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. നാട്ടുകാരുടെ ഏതു പ്രയാസങ്ങളിലും അദ്ദേഹം ഇടപെടുമായിരുന്നു. പിതാവും മുസ്​ലിംലീഗ് നേതാവുമായിരുന്ന പി.സി. അഹമ്മദ്കുട്ടി ഹാജിയുടെ പാത പിന്തുടര്‍ന്ന് രണ്ടു തവണ താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്​ പദവിയിലിരിക്കാനും അദ്ദേഹത്തിന് അവസരം ലഭിച്ചിട്ടുണ്ട്.1983-88 കാലയളവില്‍ താമരശ്ശേരി ഗ്രാമ പഞ്ചായത്ത് ഭരണസമിതിയില്‍ രണ്ടു വര്‍ഷവും 1988-1995 കാലയളവിലെ ഭരണസമിതിയില്‍ മൂന്നു വര്‍ഷവുമാണ് സി. മോയിന്‍കുട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറായത്. ഇക്കാലയളവിലാണ് താമരശ്ശേരി ചുങ്കത്ത് ഇപ്പോള്‍ ഗ്രാമ ന്യായാലയ് പ്രവര്‍ത്തിക്കുന്ന ഗ്രാമ പഞ്ചായത്ത് ഷോപ്പിങ്​ കോംപ്ലസും താമരശ്ശേരി ടൗണിലെ ഗ്രാമ പഞ്ചായത്തി​െൻറ ഉടമസ്ഥതയിലള്ള മറ്റു രണ്ട് ഷോപ്പിങ്​ കോംപ്ലക്‌സുകളും നിര്‍മിച്ചത്​.

മഹല്ല്​ കമ്മിറ്റികളിലെയും കുടുംബങ്ങളിലെയും സ്വത്ത് സംബന്ധവുമായ പ്രശ്‌നങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിയ തര്‍ക്കങ്ങള്‍ക്കെല്ലാം രമ്യമായ പരിഹാരം കാണാന്‍ മോയിന്‍കുട്ടിക്ക് സാധിച്ചിരുന്നു. അദ്ദേഹം തിരുവമ്പാടി എം.എല്‍.എ ആയിരുന്ന സമയത്താണ് ആനക്കാംപൊയില്‍ മേഖലയില്‍ ഉരുള്‍പൊട്ടി നിരവധി പേര്‍ മരിക്കുകയും നിരവധി വീടുകള്‍ നശിക്കുകയും ചെയ്തത്. ഈ സമയത്ത് അദ്ദേഹത്തി​െൻറ നേതൃത്വത്തിലുള്ള പുനരധിവാസപ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധനേടിയിരുന്നു.

അണ്ടോണ മഹല്ല് മുതവല്ലി, പ്രസിഡൻറ്​ എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ച വെച്ചത്. അണ്ടോണ മഹല്ല് കണ്‍വെന്‍ഷന്‍ സെൻറര്‍ യാഥാർഥ്യമായതിനു​ പിറകിൽ സി. മോയിന്‍കുട്ടിയുടെ നിശ്ചയദാര്‍ഢ്യമായിരുന്നു. മോയിന്‍കുട്ടിയുടെ വിശാലമായ കാഴ്ചപ്പാട്കൊണ്ടും കഠിനാധ്വാനം കൊണ്ടുമാണ് ലക്ഷങ്ങള്‍ മുടക്കി മഹല്ല് കമ്മിറ്റിക്ക് ഈ പദ്ധതി പൂര്‍ത്തീകരിക്കാന്‍ സാധിച്ചത്. കണ്‍വെന്‍ഷന്‍ സെൻററില്‍ നിന്നുള്ള വരുമാനത്തില്‍നിന്ന് ഒരു വിഹിതം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നതിനുള്ള തീരുമാനത്തിന്​ പിറകിലും മോയിന്‍കുട്ടിയായിരുന്നു. താമരശ്ശേരി മേഖലയിലെ പ്രധാന പരിപാടികള്‍ക്കും സമ്മേളനങ്ങള്‍ക്കും ഈ കണ്‍വെന്‍ഷന്‍ സെൻററാണ്​ വേദിയാകാറുള്ളത്.

മോയിൻകുട്ടി മാതൃകാപുരുഷൻ –രാഹുൽ ഗാന്ധി

കോഴിക്കോട്: വികസനത്തി​െൻറ മാതൃക പുരുഷനാണ് മുൻ തിരുവമ്പാടി എം.എൽ.എയും മുസ്​ലിം ലീഗ് നേതാവുമായ സി. മോയിൻകുട്ടിയെന്ന് രാഹുൽ ഗാന്ധി എം.പി അനുസ്മരിച്ചു.

പാർലമെൻറ് തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിലുടനീളം അദ്ദേഹം ഉണ്ടായിരുന്ന കാര്യം രാഹുൽ ഗാന്ധി അനുസ്മരിച്ചു. മോയിൻകുട്ടിയുടെ മകൻ അൻസാറിനെ ഫോണിൽ വിളിച്ച് രാഹുൽ ഗാന്ധി അനുശോചനം അറിയിക്കുകയും കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്തു. സി. മോയിൻകുട്ടിയുടെ നിര്യാണത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി അനുശോചിച്ചു.

Tags:    
News Summary - c moyinkutty was people's bappukka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.