താമരശ്ശേരി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് താമരശ്ശേരി ചുരത്തിൽ വലിയ ലോറികൾക്ക് യാത്രാ നിരോധനം വന്നതോടെ ദേശീയ പാതയോരം ചരക്കു ലോറികൾ കൊണ്ട് നിറഞ്ഞു. കിലോമീറ്ററുകൾ സഞ്ചരിച്ച് പുതുപ്പാടിയിലും അടിവാരത്തും എത്തിയപ്പോഴാണ് താമരശ്ശേരി ചുരത്തിൽ ഗതാഗത നിരോധനം അറിയുന്നതെന്ന് ലോറി ജീവനക്കാർ പറയുന്നു. ഏത് സമയവും ചുരം കയറാൻ കഴിയുമെന്ന പ്രതീക്ഷയിൽ കഴിയുന്ന ഇവർക്ക് കാത്തിരിപ്പിന്റെ ദിവസങ്ങളാണ്. സംസ്ഥാന-അന്തർ സംസ്ഥാന ലോറികളാണ് ദേശീയ പാതയിൽ താമരശ്ശേരി മുതൽ അടിവാരം വരെ റോഡരികിൽ നിർത്തിയിട്ടിരിക്കുന്നത്. പലചരക്ക്, പച്ചക്കറി, പഴം, മെറ്റൽസ്, ഗൃഹോപകരണങ്ങൾ, വില കൂടിയ ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ കയറ്റി വന്ന ലോറികളാണ് കനത്ത മഴയിൽ റോഡരികിൽ നിർത്തിയിട്ടിരിക്കുന്നത്. ലോറി ഡ്രൈവർമാർക്ക് ലോറിയിൽ നിന്ന് വിട്ട് പോകാൻ കഴിയാത്ത അവസ്ഥയാണ്. നിശ്ചിത സമയത്തിനുള്ളിൽ ചിലയിടങ്ങളിൽ എത്തിക്കേണ്ട ലോഡുകളാണ് റോഡരികിൽ കിടക്കുന്നതെന്ന് ഡ്രൈവർമാർ പറയുന്നു.
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്നാണ് ലോറികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാൽ, ലോറികൾ താമരശ്ശേരി ചുങ്കത്ത് വെച്ച് തടഞ്ഞ് തിരിച്ചു വിട്ടിരുന്നെങ്കിൽ തങ്ങൾ ഇത്തരത്തിൽ കുടുങ്ങില്ലായിരുന്നുവെന്ന് ഡ്രൈവർമാർ പറയുന്നു. വലിയ ലോഡുമായി വരുന്ന ലോറികൾ അടിവാരത്തിന് അടുത്തു വെച്ചാണ് പൊലീസ് ഒരു മുന്നറിയിപ്പുമില്ലാതെ തടഞ്ഞിരിക്കുന്നത്. ദേശീയപാതയുടെ ഇരുവശത്ത് ലോറികൾ നിർത്തിയിട്ടിരിക്കുന്നത് ഗതാഗതകുരുക്കിനും കാരണമാകുന്നുണ്ട്. ഇതു കാരണം കാൽനടയാത്രികർക്കും വ്യാപാര സ്ഥാപനങ്ങൾക്കും പ്രയാസം സൃഷ്ടിക്കുന്നതായും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.