താമരശ്ശേരി: ബഹ്റൈനിൽനിന്നെത്തിയ യുവാവിനെ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി ലോഡ്ജില്‍ പൂട്ടിയിട്ട് മർദിച്ചതായി പരാതി. മേപ്പയൂര്‍ കാരയാട് പാറപ്പുറത്തുമ്മല്‍ വീട്ടില്‍ ഷഫീഖ് (36) ആണ് താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയത്. താമരശ്ശേരി ടൗണിലെ ലോഡ്ജിലെത്തിച്ച് മർദിച്ചെന്നാണ് പറയുന്നത്.
ഷഫീഖ് തിങ്കളാഴ്ചയാണ് ബഹ്റൈനില്‍നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. ബഹ്റൈനിൽനിന്ന് ആരോ കൊടുത്തുവിട്ട സ്വര്‍ണം ഷഫീഖ് തട്ടിയെടുത്തെന്നാരോപിച്ചാണ് സ്വര്‍ണക്കടത്ത് സംഘം അയാളെ തട്ടിക്കൊണ്ടുപോയി മർദിച്ചത്. കൊടുത്തുവിട്ട മൂന്ന് സെറ്റ് സ്വര്‍ണങ്ങളില്‍ ഒരു സെറ്റ് കസ്റ്റംസ് പിടികൂടിയതിന്റെ രേഖകള്‍ ഷഫീഖ് സംഘത്തിനെ കാണിച്ചു.
മറ്റു രണ്ട് സെറ്റുകള്‍ താന്‍ മറ്റാര്‍ക്കോ കൈമാറിയെന്നാരോപിച്ച് സംഘം മർദിച്ചുവെന്നാണ് ഷഫീഖ് പറയുന്നത്. എന്നാൽ, സ്വർണം തന്നവർ തന്നെ ബഹ്റൈൻ എയർപോർട്ടിൽനിന്ന് രണ്ട് സെറ്റ് തന്റെ കൈയിൽനിന്ന് തിരിച്ചുവാങ്ങിയെന്നാണ് ഷഫീഖ് പൊലീസിനോട് പറഞ്ഞത്.
ബുധനാഴ്ച ഉച്ചയോടെ സംഘം ഷഫീഖിനെ ലോഡ്ജില്‍നിന്ന് വാഹനത്തില്‍ കയറ്റി കൊണ്ടുപോകുന്നതിനിടെ കുറുങ്ങോട്ടുകടവിന് സമീപം ചായ കുടിക്കാന്‍ വാഹനം നിര്‍ത്തിയപ്പോള്‍ ഷഫീഖ് വാഹനത്തില്‍ നിന്നിറങ്ങിയോടി നാട്ടുകാരെ വിവരമറിയിച്ചു. തുടർന്ന് പൊലീസെത്തി ഷഫീഖിനെ രക്ഷിച്ചു. ഷഫീഖിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.