താമരശ്ശേരി: കോരങ്ങാട് വട്ടക്കൊരുവിൽ വെള്ളക്കെട്ടിൽ വീണ് മരിച്ച കുഞ്ഞു സഹോദരങ്ങളായ മുഹമ്മദ് ഹാദിക്കും മുഹമ്മദ് ആഷിറിനും നാട് നൽകിയത് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും പോസ്റ്റ്മോർട്ടത്തിന് ശേഷം തിങ്കളാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയെത്തിച്ച മൃതദേഹങ്ങൾ ഒരു നോക്കുകാണാൻ നാടൊന്നാകെ കോരങ്ങാടെത്തിയിരുന്നു.
വട്ടക്കൊരുവിലെ വീട്ടിൽ കുഞ്ഞുങ്ങളുടെ ചേതനയറ്റ ദേഹങ്ങൾ എത്തിച്ചപ്പോൾ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും തേങ്ങിക്കരച്ചിലുകൾ അവിടെക്കൂടി നിന്നവരെയും ഈറനണിയിച്ചു.
ഉച്ചക്ക് ഒന്നിന് പൊതുദർശനത്തിനുവെച്ച കോരങ്ങാട് ജി.എം.എൽ.പി സ്കൂളിലും നൂറുകണക്കിന് പേരാണ് അന്തിമോപചാരമർപ്പിക്കാനെത്തിയത്. കുരുന്നുകളുടെ ബന്ധുക്കളും സഹപാഠികളും തകർന്ന ഹൃദയവുമായാണ് നിമിഷങ്ങൾ തള്ളി നീക്കിയത്. സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ സഹോദരങ്ങൾക്ക് അന്ത്യാഞ്ജലിയേകി.
മുൻ എം.എൽ.എ വി.എം. ഉമ്മർ, താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ടി.അബ്ദുറഹ്മാൻ, തഹസിൽദാർ സി. സുബൈർ എന്നിവർ അന്തിമോപചാരമർപ്പിക്കാനെത്തിയിരുന്നു. കോരങ്ങാട് ജുമാ മസ്ജിദിൽ നടന്ന മയ്യത്ത് നമസ്കാരത്തിലും നിരവധി പേർ പങ്കെടുത്തു. തുടർന്ന് ഉച്ചക്ക് രണ്ടരയോടെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കോരങ്ങാട് ഖബർസ്ഥാനിലാണ് ഖബറടക്കം നടന്നത്.
ഞായറാഴ്ച വൈകീട്ടാണ് കോരങ്ങാട് ന്യൂ ഹോട്ടൽ ജീവനക്കാരൻ വട്ടക്കൊരു അബ്ദുൽ ജലീലിന്റെയും (മുട്ടായി) നാജിറയുടെയും മക്കളായ മുഹമ്മദ് ഹാദി (13), മുഹമ്മദ് ആഷിർ (7) എന്നിവർ വീടിന് സമീപത്തുള്ള വെള്ളക്കെട്ടിൽ വീണ് മരണപ്പെട്ടത്. മുഹമ്മദ് ഹാദി താമരശ്ശേരി കോരങ്ങാട് ജി.വി.എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർഥിയും മുഹമ്മദ് ആഷിർ കോരങ്ങാട് ജി.എം.എൽ.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.