താമരശ്ശേരി: അമ്പലമുക്ക് കൂരിമുണ്ടയിൽ ലഹരിമാഫിയ സംഘം പ്രവാസി യുവാവിന്റെ വീട്ടിൽ കയറി ആക്രമിക്കുകയും പൊലീസ് വാഹനമടക്കം അടിച്ചു തകർക്കുകയും ചെയ്ത സംഭവത്തിൽ രണ്ടു പ്രതികൾ കൂടി പിടിയിലായി. കുടുക്കിലുമ്മാരം കളത്തിൽ വീട്ടിൽ ഫസൽ എന്ന കണ്ണൻ ഫസൽ (29), താമരശ്ശേരി ആലപ്പടിമ്മൽ രാഹുൽ (25), എന്നിവരെയാണ് വയനാട് പുൽപ്പള്ളി ദാസനഗ്ഗരെ എന്ന സ്ഥലത്തുള്ള വനപ്രദേശത്തുനിന്നും അന്വേഷണസംഘം പിടികൂടിയത്.
സെപ്റ്റംബർ നാലിന് സംഭവദിവസം ലഹരി മാഫിയ സംഘത്തലവനായ അയ്യൂബിനോടൊപ്പം പൊലീസിനെ ആക്രമിക്കുകയും സംഭവസ്ഥലത്തെത്തിയ ഇർഷാദിനെ വെട്ടിപ്പരിക്കേൽപിക്കുകയും ചെയ്ത സംഭവത്തിൽ ഇരുവരും ഉണ്ടായിരുന്നതായും ഇവർ ലഹരികേന്ദ്രത്തിലെ സ്ഥിരം സന്ദർശകരായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ഇതോടെ ഈ കേസിൽ 12 പേർ പിടിയിലായി.സെപ്റ്റംബർ നാലിന് തിങ്കളാഴ്ചയാണ് പ്രവാസി യുവാവ് അമ്പലമുക്ക് കൂരിമുണ്ടയിൽ മൻസൂറിന്റെ വീടിനു നേരെ ലഹരി മാഫിയ സംഘത്തിന്റെ ആക്രമണമുണ്ടായത്. മൻസൂറിന്റെ വീടിന്റെ ജനൽചില്ലുകളും കാറും അടിച്ചു തകർക്കുകയും പൊലീസിനു നേരെയും സംഘം കല്ലേറു നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പൊലീസ് വാഹനങ്ങളും അടിച്ചു തകർത്തു.
വളർത്തുനായ്ക്കളെ അഴിച്ചുവിട്ട് പൊലീസിനെയും നാട്ടുകാരെയും ഭയപ്പെടുത്തുകയും ചെയ്തു. കുടുക്കിലുമ്മാരം സ്വദേശി അയ്യൂബിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ ടെന്റ് കെട്ടി നടത്തുന്ന ലഹരിവിപണനവും ഉപയോഗവും മൻസൂറും വീട്ടുകാരും ചോദ്യം ചെയ്തതാണ് ലഹരി മാഫിയയെ പ്രകോപിപ്പിച്ചത്.
മൻസൂറിന്റെ വീട്ടുപരിസരത്ത് സ്ഥാപിച്ച സി.സി.ടി.വി കാമറകൾ എടുത്തു മാറ്റണമെന്ന് ആക്രോശിച്ചാണ് ലഹരി മാഫിയ ആക്രമണം നടത്തിയത്.
പ്രതികളെ താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു. താമരശ്ശേരി ഡിവൈ.എസ്.പി ടി.കെ. അശ്റഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘാംഗങ്ങളായ ഇൻസ്പെക്ടർ സത്യനാഥൻ, എസ്.ഐ കെ.എസ്. ജിതേഷ്, സ്പെഷൽ സ്ക്വാഡ് എസ്.ഐമാരായ രാജീവ് ബാബു, ബിജു പൂക്കോട്ട്, എ.എസ്.ഐ ജയ്സൺ ദേവസ്യ, എസ്.സി.പി.ഒ ജയരാജൻ, സി.പി.ഒ ജിനീഷ്, എ.കെ. പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.