താമരശ്ശേരി: കുടുക്കിലുമ്മാരത്ത് വ്യാപാരിയെ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യ പ്രതികളെ താമരശ്ശേരി ഡിവൈ.എസ്.പി എം.പി. വിനോദ് അറസ്റ്റ് ചെയ്തു. താമരശ്ശേരി ചുടലമുക്ക് നട്ടൂർ വീട്ടിൽ പൂച്ച ഫിറോസ് എന്ന ഫിറോസ്ഖാൻ (34), കുടുക്കിലുമ്മാരം ആലപ്പടിമ്മൽ കണ്ണൻ ഫസൽ എന്ന ഫസൽ (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ 18ന് നടന്ന സംഭവത്തിനുശേഷം കർണാടകയിൽ ഒളിവിൽ കഴിഞ്ഞ പ്രതികൾ നാട്ടിലേക്ക് വരുന്നതിനിടെയാണ് മുക്കം കളൻതോടുവെച്ച് പിടിയിലായത്. 18ന് ഉച്ചക്ക് കുടുക്കിലുമ്മാരത്തെ വിവാഹവീട്ടിൽ വെച്ച് പ്രതികൾ നാട്ടുകാരുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടിരുന്നു.
കഴിഞ്ഞ വർഷം താമരശ്ശേരി, അമ്പലമുക്ക് കൂരിമുണ്ട എന്ന സ്ഥലത്തുവെച്ച് ഇതേ സംഘം നാട്ടുകാരെ ആക്രമിക്കുകയും വിവരമറിഞ്ഞെത്തിയ പൊലീസ് ജീപ്പ് തകർക്കുകയും ചെയ്തിരുന്നു. അന്ന് സംഭവം അറിഞ്ഞുവന്ന വാടിക്കൽ ഇർഷാദ് എന്നയാളെയും ആക്രമികൾ വെട്ടിപ്പരിക്കേൽപിച്ചിരുന്നു.
18ന് വിവാഹവീട്ടിൽ വെച്ച് നാട്ടുകാരുമായി വാക്തർക്കമുണ്ടാക്കിയ പ്രതികൾ രാത്രി ഏഴോടെ കത്തിയുമായെത്തി ആദ്യം നവാസിനെ കടയിൽ കയറി വെട്ടുകയായിരുന്നു. കഴുത്തിനു വെട്ടിയത് നവാസ് തടഞ്ഞപ്പോൾ കൈപ്പത്തി പിളർന്നു. നവാസ് ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് നാട്ടുകാരനായ മാജിദിന്റെ വീട്ടിലെത്തിയ സംഘത്തെ കണ്ട് മാജിദ് റൂമിൽ കയറി വാതിലടച്ചെങ്കിലും പ്രതികൾ വാതിൽ വെട്ടിപ്പൊളിച്ചു.
അപ്പോഴേക്കും ഓടിയെത്തിയ നാട്ടുകാരെ കണ്ട് പിൻവാങ്ങിയ പ്രതികൾ നാട്ടുകാരായ ജവാദ്, അബ്ദുൽ ജലീൽ എന്നിവരുടെ വീടുകളിലും അക്രമം നടത്തിയശേഷം രക്ഷപ്പെടുകയായിരുന്നു. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയ സംഘത്തിൽപെട്ടവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു.
താമരശ്ശേരി ഇൻസ്പെക്ടർ കെ.ഒ. പ്രദീപ്, എസ്.ഐമാരായ സജേഷ് സി. ജോസ്, സതീഷ് കുമാർ, പ്രകാശൻ, രാജീവ് ബാബു, ബിജു, എ.എസ്.ഐ അഷ്റഫ്, സീനിയർ സി.പി.ഒമാരായ എൻ.എം. ജയരാജൻ, പി.പി. ജിനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.