താമരശ്ശേരി: കെ.എസ്.എഫ്.ഇയിൽനിന്ന് ചിട്ടി തുക കൈപ്പറ്റുന്നതിനും ബാങ്കുകളിൽനിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളിൽനിന്നും വസ്തു പണയപ്പെടുത്തി വായ്പ എടുക്കുന്നതിനായും വ്യാജരേഖകൾ നിർമിച്ചുനൽകുന്ന സംഘത്തിലെ ഒരാൾ താമരശ്ശേരി പൊലീസിന്റെ പിടിയിൽ. താമരശ്ശേരി പഴയ ബസ് സ്റ്റാൻഡിന് സമീപം വെഴുപ്പൂർ റോഡിലെ ഫ്ലാറ്റിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിൽനിന്നാണ് വയനാട് സുൽത്താൻ ബത്തേരി പട്ടരുപടി, മാട്ടംതൊടുവിൽ ഹാരിസിനെ (42) താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
വ്യാജരേഖ നിർമാണ സംഘത്തിൽ ഉൾപ്പെട്ട കൂടുതൽ പേരെ ഇനിയും പിടികൂടാനുണ്ട്. ഈങ്ങാപ്പുഴ കെ.എസ്.എഫ്.ഇ ബ്രാഞ്ചിൽ മാത്രം ചിട്ടി തുക കൈപ്പറ്റുന്നതിന് 24ഓളം പേർ വ്യാജരേഖകൾ സമർപ്പിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് 12 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ കട്ടിപ്പാറ വില്ലേജ് ഓഫിസർ നൽകിയ പരാതിയിൽ രണ്ടു കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വിവിധ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും വസ്തു പണയ വായ്പക്കായി സമർപ്പിച്ച രേഖകളും വ്യാജമാണെന്ന് കണ്ടെത്തി. വില്ലേജ് ഓഫിസുകളുടെ സീൽ വ്യാജമായി നിർമിച്ചും വ്യാജ ഒപ്പിട്ടുമാണ് സ്ഥലത്തിന്റെ സ്കെച്ചും ലൊക്കേഷൻ സർട്ടിഫിക്കറ്റും മറ്റു രേഖകളും നിർമിച്ചത്. എളുപ്പത്തിൽ ലോൺ ലഭിക്കുന്നതിന് രേഖകൾ ശരിയാക്കിനൽകുമെന്നു വിശ്വസിപ്പിച്ച് ആളുകളിൽനിന്ന് വൻതുക കൈപ്പറ്റിയാണ് വ്യാജരേഖകൾ നിർമിച്ചുനൽകുന്നത്. വ്യാജരേഖ സംബന്ധിച്ച് താമരശ്ശേരിയിൽ മാത്രം 14 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.