താമരശ്ശേരി: മലയോര മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്നു. കഴിഞ്ഞദിവസം തുഷാരഗിരി ജീരകപ്പാറയിൽ ഇറങ്ങിയ കാട്ടാന കാർഷിക വിളകൾ വ്യാപകമായി നശിപ്പിച്ചു. മൂത്തേടത്ത് ചാക്കോ, പുളിക്കൽ ജോയി എന്നിവരുടെ കൊക്കോ, ജാതി, തെങ്ങ് അടക്കമുള്ള കാർഷിക വിളകളാണ് വ്യാപകമായി നശിപ്പിക്കപ്പെട്ടത്. ചിപ്പിലിത്തോട്, മരുതിലാവ് ഭാഗങ്ങളിലും കാട്ടാനകൾ കൃഷി നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്.
വീടിന് മുകളിലേക്ക് കാട്ടാന തെങ്ങ് കുത്തി മറിച്ചിട്ടതിനെ തുടർന്ന് വീടിന് കേടുപാടുകൾ സംഭവിച്ചു. വാഴ, ചേമ്പ് അടക്കമുള്ള കൃഷികൾ പന്നികൾ ഇറങ്ങി വ്യാപകമായി നശിപ്പിക്കുന്നത് പതിവാണ്. മഴ തുടങ്ങുമ്പോൾ തന്നെ വന്യമൃഗങ്ങൾ വ്യാപകമായി കൃഷിനശിപ്പിക്കുന്നത് കർഷകരെ ഏറെ ആശങ്കയിലാഴ്ത്തുകയാണ്. സുരക്ഷവേലിയില്ലാത്ത സ്ഥലങ്ങളിലൂടെയാണ് കാട്ടാനകൾ ഇപ്പോൾ തോട്ടങ്ങളിലേക്കിറങ്ങി കൃഷി നശിപ്പിക്കുന്നത്.
സോളാർ ഫെൻസിങ് സാധാരണക്കാരായ കർഷകർക്ക് ഭാരിച്ച ചെലവാണ് വരുത്തുന്നത്. കൃഷി നശിച്ചും കാർഷിക വിളകളുടെ വിലത്തകർച്ചയുംമൂലം വരുമാനമാർഗം നിലച്ച സാധാരണക്കാരായ കർഷകർക്ക് സർക്കാർ സഹായം കൂടാതെ ഫെൻസിങ് സ്ഥാപിക്കുന്നതിന് ഏറെ പ്രയാസമാണ്. വന്യമൃഗങ്ങൾ കൃഷിയിടത്തിലിറങ്ങുന്നത് തടയാനാവശ്യമായ നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.