താമരശ്ശേരി: മലയോര ഹൈവേയുടെ ഭാഗമായ തലയാട് -മലപ്പുറം റീച്ചിന്റെ പ്രവൃത്തി 2025 പകുതിയോടെ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പ്രസ്തുത റീച്ചിന്റെ നിർമാണ ഉദ്ഘാടനം കട്ടിപ്പാറയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ 13 ജില്ലകളിലൂടെയാണ് മലയോര ഹൈവേ കടന്നുപോകുന്നത്. ആകെ 1166 കിലോമീറ്റർ ദൂരമുള്ള ഹൈവേക്കുവേണ്ടി 2985 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
പനങ്ങാട്, കട്ടിപ്പാറ, പുതുപ്പാടി പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന 9.9 കിലോമീറ്റർ നീളമുള്ള പ്രസ്തുത റീച്ച് 12 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നതിനാണ് വിഭാവനം ചെയ്തിട്ടുള്ളത്. 57.95 കോടി രൂപ വകയിരുത്തിയാണ് പ്രവൃത്തി പൂർത്തീകരിക്കുന്നത്. ആവശ്യമായ സ്ഥലങ്ങളിൽ ഓവുചാൽ, കലുങ്കുകൾ, പാർശ്വ ഭിത്തികൾ എന്നിവയും നിർമിക്കും. മലയോര ഹൈവേയുടെ നിർമാണം പൂർത്തിയാവുന്നതോടെ കക്കയം, തോണിക്കടവ്, കൂരാച്ചുണ്ട് ഭാഗങ്ങളിലേക്കും എൻ.എച്ച് 766ലേക്കും അതിവേഗം എത്തിച്ചേരാൻ സാധിക്കും.
ഡോ. എം.കെ. മുനീർ എം.എൽ.എ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ കെ.എം. സച്ചിൻ ദേവ്, ലിന്റോ ജോസഫ്, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ ജോൺ ജീവൻ ജോസഫ്, മുഹമ്മദ് മോയത്ത്, നജ്മുന്നിസ ശരീഫ്, റംസീന നരിക്കുനി, നിധീഷ് കല്ലുള്ളതോട്, ജിൻസി തോമസ്, അനിൽ ജോർജ്, പ്രേംജി ജെയിംസ്, ടി.പി. മുഹമ്മദ് ഷാഹിം, വിഷ്ണു ചുണ്ടൻകുഴി, വി.പി. സുരജ, ദൈജ ആമീൻ, എം.കെ. ജാസിൽ, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടിവ് എൻജിനീയർ അബ്ദുൽ അസീസ് സ്വാഗതവും അസിസ്റ്റന്റ് എൻജിനീയർ അബ്ദുൽ ഫുക്കാറലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.