താമരശ്ശേരി: ജൽജീവൻ പദ്ധതിയുടെ ഭാഗമായി തകർന്ന റോഡുകളുടെ അവസ്ഥ വാർത്തയായതോടെ അധികൃതർ നടപടി തുടങ്ങി. അമ്പായത്തോട് എൽ.പി സ്കൂൾ റോഡ് നവീകരണം ഞായറാഴ്ച പൂർത്തിയാക്കി. കഴിഞ്ഞ ദിവസമാണ് മാധ്യമം, കട്ടിപ്പാറയിൽ ജൽജീവൻ പദ്ധതിയുടെ ഭാഗമായി തകർന്ന റോഡുകളിലെ ജനങ്ങളുടെ ദുരിതം വാർത്തയാക്കിയത്. വാർത്ത വന്ന ദിവസം തന്നെ റോഡ് നവീകരണം ആരംഭിക്കുകയായിരുന്നെന്ന് അമ്പായത്തോട് എ.എൽ.പി സ്കൂൾ പി.ടി.എ പ്രസിഡന്റ് എ.ടി. ഹാരിസ് പറഞ്ഞു.
കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ ചെമ്പ്രകുണ്ട - വില്ലൂന്നിപാറ റോഡ്, കരിഞ്ചോല റോഡ്, കട്ടിപ്പാറ പഞ്ചായത്ത് - വില്ലേജ് ഓഫിസ് റോഡ്, കോറി - രണ്ടുകണ്ടി റോഡ്, അമ്പായത്തോട് കോറി മല റോഡ് എന്നിവയും ജൽജീവൻ പദ്ധതിയുടെ ഭാഗമായി തകർന്നിട്ടുണ്ട്. ഈ റോഡുകളും ഉടൻ നവീകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചു. താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ തകർന്ന റോഡുകൾ അടിയന്തരമായി പുനരുദ്ധരിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. തകർന്ന റോഡിലൂടെ വിദ്യാർഥികൾക്ക് സ്കൂളിലെത്താൻ പ്രയാസം നേരിടുന്നതായി അധികൃതരെ അറിയിച്ചിട്ടുണ്ട്. മലയോര മേഖലയിൽ നിരവധി റോഡുകളാണ് ജൽജീവൻ മിഷൻ, വാട്ടർ അതോറിറ്റി അധികൃതരുടെ അനാസ്ഥ കാരണം താറുമാറായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.