താമരശ്ശേരി: താമരശ്ശേരി ടൗണിലെ റന ഗോൾഡിൽ നിന്ന് 50 പവൻ കവർച്ച നടത്തിയ സംഘത്തിലെ രണ്ടുപേർ കൂടി പൊലീസ് വലയിലായതായി സൂചന. കേസിലെ മുഖ്യപ്രതി പൂനൂർ പാലംതലക്കൽ നവാഫിനെ (27) ബുധനാഴ്ച താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നവാഫിന്റെ സഹോദരൻ ഉൾപ്പെടെയാണ് പൊലീസിന്റെ നിരീക്ഷണ വലയത്തിലുള്ളത്. സ്വർണം വിൽപന നടത്തിയ സ്ത്രീയെക്കുറിച്ച് അന്വേഷണം നടത്തിവരുന്നതായി പൊലീസ് പറഞ്ഞു. റിമാൻഡിലായ നവാഫിനെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും.
നവാഫ് വാടകക്ക് താമസിച്ച താമരശ്ശേരി പൊലീസ് സ്റ്റേഷന് സമീപത്തെ വീട്ടിൽ വ്യാഴാഴ്ച ഡോഗ് സ്ക്വാഡ് പരിശോധന നടത്തി. ഉപേക്ഷിച്ച നിലയിൽ ഒരു ബാഗ് ഇവിടെ നിന്നും കസ്റ്റഡിയിലെടുത്തു.
ജനുവരി 24ന് പുലർച്ച ഒരു മണിക്കും അഞ്ചരക്കും ഇടയിലാണ് താമരശ്ശേരി പൊലീസ് സ്റ്റേഷനിൽനിന്നും 50 മീറ്റർ മാത്രം അകലെയുള്ള റന ഗോൾഡിന്റെ ചുമർ തുരന്ന് അകത്തുകയറി കവർച്ച സംഘം സി.സി.ടി.വി കാമറയിൽ പെയിന്റ് സ്പ്രേ ചെയ്തശേഷം ലോക്കർ മുറിച്ച് കവർച്ച നടത്തിയത്. നിരവധി സി.സി.ടി.വി പരിശോധനയിലൂടെയും താമരശ്ശേരിയിലെയും പരിസരങ്ങളിലെയും മുൻ മോഷ്ടാക്കളെയും വാടകക്ക് താമസിക്കുന്നവരെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നവാഫ് പിടിയിലാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.