താമരശ്ശേരി: ജ്വല്ലറികളുടെ ചുമർ തുരന്ന് സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിലെ മുഖ്യപ്രതി പിടിയിൽ. താമരശ്ശേരി ടൗണിലെ റന ഗോൾഡ്, ഈങ്ങാപ്പുഴയിലെ കുന്നുമ്മൽ ജ്വല്ലറി എന്നിവിടങ്ങളിൽ കവർച്ച നടത്തിയ സംഘത്തിലെ മുഖ്യപ്രതി പൂനൂർ പാലം തലക്കൽ നവാഫാണ് (27) ബുധനാഴ്ച പുലർച്ചെ പിടിയിലായത്. ഇയാൾ ഇപ്പോൾ താമസിക്കുന്ന താമരശ്ശേരി പള്ളിപ്പുറം വാടക ക്വാർട്ടേഴ്സിൽനിന്നാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ജനുവരി 24ന് പുലർച്ച ഒരു മണിക്കും അഞ്ചരക്കും ഇടയിലാണ് താമരശ്ശേരി പൊലീസ് സ്റ്റേഷനിൽനിന്നു 25 മീറ്റർ മാത്രം അകലെയുള്ള റന ഗോൾഡിൽ കവർച്ച നടന്നത്.
പൊലീസ് സ്റ്റേഷനിൽനിന്ന് 50 മീറ്റർ മാത്രം അകലെയുള്ള വാടക വീട്ടിൽ താമസിച്ചാണ് പ്രതികൾ കവർച്ച ആസൂത്രണം ചെയ്തത്. സംഘം സി.സി.ടി.വി കാമറയിൽ പെയിന്റ് സ്പ്രേ ചെയ്ത ശേഷം ലോക്കർ മുറിച്ച് 50 പവനോളം വരുന്ന സ്വർണാഭരണങ്ങൾ കവർന്നു. നാലു മണിക്കൂറോളം ജ്വല്ലറിക്കുള്ളിൽ ചെലവഴിച്ചാണ് പ്രതികൾ കളവ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. താമരശ്ശേരി മുതൽ കോഴിക്കോട്, കൊണ്ടോട്ടി വരെ നൂറോളം സി.സി.ടി.വി കാമറകൾ പൊലീസ് പരിശോധിച്ചെങ്കിലും പ്രതികളെക്കുറിച്ച് സൂചനയൊന്നും ലഭിച്ചിരുന്നില്ല. തുടർന്ന് താമരശ്ശേരിയിൽതന്നെയുള്ള മുൻ കുറ്റവാളികളെക്കുറിച്ച് നടത്തിയ അന്വേഷണത്തിനിടെ നവാഫിന്റെ കുടുംബം താമരശ്ശേരിയിൽ വാടകക്ക് താമസിക്കുന്നതായി പൊലീസ് മനസ്സിലാക്കി. വാടകക്ക് താമസിക്കുന്നവരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനിടെയാണ് നവാഫ് പിടിയിലാകുന്നത്. കൂട്ടുപ്രതികളായ ഇയാളുടെ സഹോദരനും മറ്റൊരാളും പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഡിസംബർ 28ന് രാത്രിയാണ് ഇതേ സംഘം ഈങ്ങാപ്പുഴയിലുള്ള കുന്നുമ്മൽ ജ്വല്ലറിയുടെ പിൻഭാഗത്തെ ചുമർ തുരന്ന് ഉള്ളിൽ കയറിയത്. ലോക്കർ തകർക്കാൻ കഴിയാത്തതിനാൽ 500 ഗ്രാം വെള്ളി ആഭരണങ്ങളും 10,000 രൂപയും കവർച്ച ചെയ്യുകയായിരുന്നു. താമരശ്ശേരി റന ഗോൾഡിൽനിന്ന് കവർന്ന 157 ഗ്രാമോളം സ്വർണം പ്രതിയുടെ താമസസ്ഥലത്തുനിന്ന് കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.