താമരശ്ശേരി: ചുരത്തില്‍ കെ.എസ്.ആര്.ടി.സി ബസ് വളവില്‍ കുടുങ്ങി മൂന്നര മണിക്കൂർ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. രാവിലെ എഴിന് ഏഴാം വളവിലാണ് കെ.എസ്.ആർ.ടി.സി ബസ് യന്ത്രത്തകരാര്‍ മൂലം റോഡിനു നടുവില്‍ നിശ്ചലമായത്. തിരുവനന്തപുരത്തുനിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സിയുടെ ഗരുഡ മള്‍ട്ടി ആക്സില്‍ ബസാണ് കുടുങ്ങിയത്.
മണിക്കൂറുകൾ കഴിഞ്ഞാണ് റോഡിനുനടുവില്‍ നിന്ന ബസ് നീക്കിയത്. കേടുപാട് നീക്കി ബസ് റോഡില്‍ നിന്നുമാറ്റാന്‍ കോഴിക്കോടുനിന്നാണ് മെക്കാനിക്കുകളെത്തിയത്. മെക്കാനിക്കുകളെത്താന് വൈകിയതാണ് മൂന്നര മണിക്കൂർ നീണ്ട ഗതാഗതക്കുരുക്കിനിടയാക്കിയത്.
കണ്ടംചെയ്യാനായ ജീപ്പില്‍ ഇഴഞ്ഞുനീങ്ങിയാണ് ഇവരെത്തിയതെന്ന ആക്ഷേപവും ശക്തമാണ്. ദേശീയപാത 766 പൂര്‍ണമായും കുരുക്കിലായിട്ടും കെ.എസ്.ആര്.ടി.സി അധികൃതര്‍ തണുപ്പന്‍മട്ട് സ്വീകരിച്ചത് വലിയ വിമര്‍ശനത്തിനിടയാക്കി. പൊരിവെയിലില്‍ ചുരത്തില്‍ കുടുങ്ങിക്കിടന്ന യാത്രക്കാര്‍ വെള്ളംപോലും ലഭിക്കാതെ വലഞ്ഞു. ക്രിസ്മസിന്റെ ഭാഗമായി വാഹനങ്ങളുടെ തിരക്കുമേറിയിരുന്നു. പുതുപ്പാടി കഴിഞ്ഞും വൈത്തിരിക്കപ്പുറവും വാഹനങ്ങള്‍ കെട്ടിക്കിടന്നു.
ചുരത്തിന്റെ ചരിത്രത്തിലെ ഏറ്റവുംനീണ്ട ഗതാഗതക്കുരുക്കുകളിലൊന്നാണിതെന്ന് ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. ബസ് റോഡില്‍നിന്ന് നീക്കിയെങ്കിലും ഗാതാഗതക്കുരുക്ക് ഒഴിഞ്ഞില്ല. വൈകീട്ടുവരെ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഇതിനിടെ ചില വാഹനങ്ങള്‍ ഗതാഗത തടസ്സം ശ്രദ്ധിക്കാതെ തിരുകിക്കയറാന്‍ ശ്രമിച്ചത് കുരുക്കിന് ആക്കം കൂട്ടി. പൊലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ഏറെ പണിപ്പെട്ടാണ് ഗതാഗതം നിയന്ത്രിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.