താമരശ്ശേരി: പ്രകൃതിയുടെ വന്യതയിലൂടെ കെ.എസ്.ആർ.ടി.സിയുടെ ഉല്ലാസയാത്രക്ക് ഞായറാഴ്ച തുടക്കം. ഒഴിവുകാലം ഉല്ലാസഭരിതമാക്കാൻ കെ.എസ്.ആർ.ടി.സി ബസിൽ പ്രകൃതിയുടെ വശ്യതയിലൂടെയുള്ള യാത്രയാണ് ലക്ഷ്യമിടുന്നതെന്നും യാത്രക്കുള്ള ഒരുക്കം പൂർത്തിയായതായും കൺട്രോളിങ് ഇൻസ്പെക്ടർ കെ. ബൈജു പറഞ്ഞു. ഞായറാഴ്ച യാത്രക്ക് 108 പേർ ബുക്ക് ചെയ്തതായും രണ്ട് ബസുകൾ തയാറാക്കിയതായും അദ്ദേഹം പറഞ്ഞു. തുഷാരഗിരിയിലെ വെള്ളച്ചാട്ടങ്ങൾ, പുതുപ്പാടി കാക്കവയൽ വനപർവം, താമരശ്ശേരി ചുരം, ലക്കിടിയിലെ ചങ്ങല മരം, പൂക്കോട് തടാകം എന്നിവ ബന്ധപ്പെടുത്തിയാണ് യാത്ര.
രാവിലെ ഏഴിന് താമരശ്ശേരി ഡിപ്പോയിൽനിന്ന് ആരംഭിക്കും. അടിവാരത്ത് പ്രഭാത ഭക്ഷണത്തിന് ശേഷം ചുരം കയറി ലക്കിടിയിലെ കരിന്തണ്ടൻ സ്മരണ നിലനിൽക്കുന്ന ചങ്ങല മരത്തിന് അടുത്തെത്തും. പൂക്കോട് തടാകത്തിൽ രണ്ടു മണിക്കൂർ ചെലവഴിക്കാം. താമരശ്ശേരി ചുരം വഴി ചിപ്പിലിത്തോടിലൂടെ തുഷാരഗിരിയിലെത്തും. തിരിച്ച് അടിവാരത്തെത്തി ഉച്ചഭക്ഷണം കഴിക്കാം. കാക്കവയൽ വനപർവം സന്ദർശിച്ച് ആറോടെ താമരശ്ശേരിയിൽ തിരിച്ചെത്തുന്ന തരത്തിലാണ് ഷെഡ്യൂൾ. വിനോദയാത്രയ്ക്ക് ഒരാൾക്ക് 650 രൂപയാണ്. പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, വൈകുന്നേരത്തെ ചായ, സന്ദർശന സ്ഥലങ്ങളിലെ എൻട്രി ഫീസ് ഉൾപ്പെടുന്നതാണ് തുക. ആദ്യഘട്ടത്തിൽ ഞായറാഴ്ചകളിൽ മാത്രമാകും ബസ് സർവിസ്. സീറ്റുകൾ മുഴുവൻ ബുക്കിങ് ആയാൽ സ്പെഷൽ സർവിസ് നടത്തുമെന്നും കെ.എസ്.ആർ.ടി.സി അധികൃതർ വ്യക്തമാക്കി.
04952222217, 8848490187, 9895218975, 9961062548 നമ്പറുകളിൽ മുൻകൂട്ടി യാത്രക്ക് ബുക്ക് ചെയ്യാം. കന്നിയാത്രക്ക് സീറ്റുകൾ ബുക്കിങ്ങായി. അടുത്ത യാത്രകൾക്കുള്ള ബുക്കിങ് തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.