താമരശ്ശേരി: മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശത്തെ പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ ശക്തമാക്കുന്നു. മലയോര മേഖലയിൽ മാവോയിസ്റ്റുകൾ സാന്നിധ്യം പല തവണ റിപ്പോർട്ട് ചെയ്ത താമരശ്ശേരി, കോടഞ്ചേരി പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ സംവിധാനങ്ങളാണ് വർധിപ്പിക്കുന്നത്.
സ്റ്റേഷനുകളുടെ നാല് ഭാഗങ്ങളിലും സുരക്ഷ പോസ്റ്റുകൾ സ്ഥാപിച്ചും ചുറ്റുമതിലിൽ ഉയരത്തിൽ കമ്പിവേലികൾ സ്ഥാപിച്ചുമാണ് സുരക്ഷ വർധിപ്പിക്കുന്നത്. ആക്രമണമുണ്ടാകുന്നപക്ഷം വെടിയുതിർക്കാൻ ഉൾപ്പെടെയാണ് സുരക്ഷ പോസ്റ്റുകളിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. ഇവയുടെ നിർമാണ പ്രവൃത്തികളാണ് ഇപ്പോൾ താമരശ്ശേരി, കോടഞ്ചേരി പൊലീസ് സ്റ്റേഷനുകളിൽ നടക്കുന്നത്.
താമരശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ പുതുപ്പാടി മൈലള്ളാംപാറ, കണ്ണപ്പൻകുണ്ട്, മട്ടിക്കുന്ന്, കക്കാട് തുടങ്ങിയ ഭാഗങ്ങളിൽ പല തവണ മാവോയിസ്റ്റ് സാന്നിധ്യമുണ്ടായിരുന്നു. ഇവിടത്തെ കോളനിയിൽ മാവോയിസ്റ്റുകളെത്തി ഭക്ഷ്യസാധനങ്ങൾ വാങ്ങി പോയ സംഭവങ്ങൾ പലതവണ റിപ്പോർട്ട് ചെയ്തിരുന്നു.
കോടഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ ചെമ്പുകടവ്, നെല്ലിപൊയിൽ, നാരങ്ങാതോട് മേഖലയിലും പല തവണ മാവോയിസ്റ്റുകളെത്തി വസ്തുക്കൾ ശേഖരിക്കുകയും പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. മാവോയിസ്റ്റുകളുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്താൽ ഉടൻ ആ പ്രദേശം മുഴുവൻ ആൻറി മാവോയിസ്റ്റ് ഫോഴ്സായ തണ്ടർബോൾട്ടെത്തി പരിശോധന നടത്തുകയായിരുന്നു പതിവ്.
രണ്ടുവർഷം മുമ്പ് വൈത്തിരിയിൽ മാവോവാദി നേതാവ് ജലീൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിറകെയാണ് മാവോയിസ്റ്റ് സാന്നിധ്യമുള്ള വനത്തിനോട് ചേർന്നുള്ള പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.