താമരശ്ശേരി അമ്പായത്തോട് ഭാഗത്ത് നക്സൽ ബാരി പോസ്റ്ററുകള്‍

താമരശ്ശേരി: ദേശീയ പാതയിൽ താമരശ്ശേരി അമ്പായത്തോട് ഭാഗത്ത് നക്സൽ ബാരി പോസ്റ്ററുകള്‍. അമ്പായത്തോട് പ്രവര്‍ത്തിക്കുന്ന കോഴിമാലിന്യ സംസ്‌കരണ ഫാക്ടറിക്കെതിരാണ് നക്‌സല്‍ ബാരിയുടെ പേരില്‍ പോസ്റ്റുകള്‍ പതിച്ചത്. സംഭവത്തില്‍ താമരശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

കട്ടിപ്പാറ പഞ്ചായത്തിലെ അമ്പായത്തോട് പ്രവര്‍ത്തിക്കുന്ന ഫ്രഷ് കട്ട് എന്ന കോഴിമാലിന്യ സംസ്‌കരണ ഫാക്ടറിക്കും ഇതിന് പിന്തുണക്കുന്നവര്‍ക്കുമെതിരെയാണ് നക്‌സല്‍ ബാരിയുടെ പേരില്‍ പോസ്റ്റുകള്‍ പതിച്ചത്. അമ്പായത്തോട് അങ്ങാടിക്ക് സമീപം സ്ഥാപിച്ച ബോര്‍ഡുകളിലും മറ്റുമാണ് ഡി.ടി.പി ചെയ്ത പോസ്റ്ററുകള്‍ പതിച്ചത്.

ഫ്രഷ് കട്ടിന് ഓഷാന പാടുന്നവര്‍ക്കെതിരെ കക്കയത്തിന്റെ ആഴങ്ങളില്‍നിന്നും പ്രതിഷേധ ശബ്ദം ഉയരുന്നുണ്ടെന്ന് പോസ്റ്ററില്‍ പറയുന്നു. പണം മേലാളന്റെ ഹുങ്ക്, പോരാട്ടം പാവപ്പെട്ടവന്റെ ശക്തി എന്നും ഫ്രഷ് കട്ടിനെതിരെ ഇനി വിപ്ലവം സഖാവ് വര്‍ഗീസിന്റെ ശബ്ദത്തില്‍നിന്നും ഉയരട്ടെ എന്നും മറ്റൊരു പോസ്റ്ററില്‍ പറയുന്നു.

കോഴിമാലിന്യ പ്ലാന്റിനേക്കാള്‍ നാറ്റമുള്ള കഥകള്‍ ഞങ്ങള്‍ പുറത്തുകൊണ്ടുവരുമെന്നും ഭീഷണിയുണ്ട്. നക്‌സല്‍ ബാരിയുടെ പേരില്‍ അമ്പായതോട്ടിൽ ആദ്യമായാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെടുന്നത്. താമരശ്ശേരി ഡിവൈ.എസ്.പി അഷറഫ് തെങ്ങിലക്കണ്ടി, ഇന്‍സ്‌പെക്ടര്‍ ടി.എ. അഗസ്റ്റിന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി പോസ്റ്ററുകള്‍ കസ്റ്റഡിയിലെടുത്തു.

എന്നാൽ, നക്സൽ ബാരിയുടെ പേരിലുള്ള ഡി.ടി.പി.ചെയ്ത പോസ്റ്ററുകൾക്കു പിന്നിൽ മാവോവാദികളാവാൻ സാധ്യത കുറവാണെന്നും അവർ ഡി.ടി.പി ചെയ്ത് പോസ്റ്റർ പതിക്കാറില്ലെന്നും കൈ കൊണ്ടെഴുതിയ പോസ്റ്ററുകളാണ് പതിക്കാറെന്നും പൊലീസ് പറഞ്ഞു. പോസ്റ്ററുകൾക്കു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി ഇൻസ്പെക്ടർ ടി.എ. അഗസ്റ്റിൻ പറഞ്ഞു.

Tags:    
News Summary - Naxal Bari posters in Ambayathod area of ​​Thamarassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.