താമരശ്ശേരി: വളർത്തുനായ്ക്കളുടെ ആക്രമണത്തിൽനിന്ന് യുവതിയെ രക്ഷിച്ച നാട്ടുകാർക്കെതിരെ താമരശ്ശേരി പൊലീസ് ചുമത്തിയത് ജാമ്യമില്ലാ വകുപ്പ്. അമ്പായത്തോടിൽ ഫൗസിയയെന്ന യുവതിയെ നായ്ക്കൾ വളഞ്ഞിട്ട് ആക്രമിച്ചപ്പോൾ വടിയെടുത്തടിച്ചും കല്ലെറിഞ്ഞും ഓടിച്ചവർക്കെതിരെയാണ് കേസ്. തന്നെ പരിക്കേൽപ്പിച്ചതായി ഉടമസ്ഥൻ പരാതി നൽകിയിരുന്നു. ഇതേതുടർന്നാണ് നടപടി. അതേസമയം, പരിക്കേറ്റ യുവതിക്ക് നായ്ക്കളുടെ ഉടമസ്ഥനിൽനിന്ന് നഷ്ടപരിഹാരം ഈടാക്കി നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ കലക്ടറോട് ഉത്തരവിട്ടു.
വെഴുപ്പൂർ എസ്റ്റേറ്റിലെ മീനംകുളത്തുചാൽ ബംഗ്ലാവിൽ റോഷനാണ് വളർത്തുനായ്ക്കളുടെ ഉടമ. യുവതിയെ കടിച്ചുകീറുകയായിരുന്ന നായ്ക്കളെ നാട്ടുകാർ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ വടികൊണ്ടുള്ള അടിയേറ്റ് റോഷന്‍റെ തോളെല്ലിന് പരിക്കേറ്റിരുന്നു. ഈ സംഭവത്തിലാണ് കണ്ടാലറിയാവുന്ന ഇരുപതോളം പേർക്കെതിരെ പൊലീസ് കേസെടുത്തത്. വളർത്തുമൃഗം ആക്രമിച്ചാലുള്ള ഐ.പി.സി 289 വകുപ്പും പരിക്കേൽപ്പിച്ചതിന് 324 വകുപ്പും ചുമത്തിയാണ് റോഷനെതിരെ കേസെടുത്തത്. ഉടമക്കെതിരെ നിസ്സാരവകുപ്പ് ചുമത്തിയപ്പോൾ നാട്ടുകാർക്കെതിരെ ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയത്. സംഭവത്തിൽ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്ത റോഷനെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചിരുന്നു.
മദ്റസയിൽനിന്ന് മടങ്ങുന്ന മകനെ കാത്തുനിൽക്കവേയാണ്, ചങ്ങലയ്ക്കിടാതെ അഴിച്ചുവിട്ട നായ്ക്കൾ ഫൗസിയയെ ആക്രമിച്ചത്. സംഭവ സമയത്ത് റോഷൻ എയർപിസ്റ്റളുമായാണെത്തിയതെന്നും ആരോപണമുണ്ട്. അതേസമയം, അടിയേറ്റ് റോഷെൻറ എല്ല് തകർന്ന സാഹചര്യത്തിൽ ക്രിമിനൽ നടപടി ചട്ടപ്രകാരമുള്ള സ്വാഭാവിക നടപടിയാണ് തങ്ങൾ സ്വീകരിച്ചതെന്നാണ് പൊലീസ് പറയുന്നത്.
കോഴിക്കോട്: വളർത്തുനായ്ക്കളുടെ കടിയേറ്റ് ഗുരുതര പരിക്ക് പറ്റിയ യുവതിക്ക് നായ്ക്കളുടെ ഉടമസ്ഥനിൽനിന്ന് നഷ്ടപരിഹാരം ഈടാക്കി നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. യുവതിക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം നായ്ക്കളെ അലക്ഷ്യമായി അഴിച്ചുവിട്ട ഉടമസ്ഥനെ നിയമത്തിന് മുന്നിലെത്തിച്ച് ശിക്ഷ വാങ്ങിനൽകണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ജില്ല കലക്ടർക്കാണ് കമീഷൻ ഉത്തരവ് നൽകിയത്. സ്വീകരിച്ച നടപടികൾ 15 ദിവസത്തിനകം അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.
അമ്പായത്തോട് മിച്ചഭൂമി സ്വദേശിനി ഫൗസിയക്കാണ് കടിയേറ്റത്. മുഖത്തും കൈകളിലും ആഴത്തിൽ മുറിവേറ്റു. ഇവർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അമ്പായത്തോട് വെഴുപ്പൂർ എസ്റ്റേറ്റിലെ മീനം കുളത്തുചാൽ ബംഗ്ലാവിൽ റോഷെൻറ ഉടമസ്ഥതയിലുള്ളവയാണ് നായ്ക്കൾ. ഇയാളുടെ വളർത്തുനായ്ക്കൾ ആളുകളെ സ്ഥിരമായി ആക്രമിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. മനുഷ്യാവകാശ പ്രവർത്തകനായ നൗഷാദ് തെക്കയിൽ സമർപ്പിച്ച പരാതിയിലാണ് നടപടി.
റോഷന്‍റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ജീപ്പ് ഞായറാഴ്ച രാത്രിയോടെ കത്തിനശിച്ച നിലയിൽ കെണ്ടത്തി. വീട്ടിലില്ലാതിരുന്ന സമയത്ത് ആരോ തീവെച്ചതാണെന്നു കാണിച്ച് റോഷൻ താമരശ്ശേരി പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.