താമരശ്ശേരി: ആൾ മാറി മോട്ടോർ വാഹന വകുപ്പിന്റെ പിഴ ശിക്ഷ. ആക്ടിവ സ്കൂട്ടർ യാത്രക്കാർ ഹെൽമറ്റ് ധരിക്കാതെ നിയമ ലംഘനം നടത്തിയതിന് ശിക്ഷ ലഭിച്ചത് ടി.വി.എസ് സ്കൂട്ടർ യാത്രക്കാരൻ താമരശ്ശേരി കോരങ്ങാട് കരുവള്ളി മുഹമ്മദ് യാസീനാണ്. യാസീന്‍ പിഴ അടക്കാൻ മോട്ടോർ വാഹന വകുപ്പ് ഫോണിൽ മെസേജായി നോട്ടീസ് അയക്കുകയായിരുന്നു.
മുഹമ്മദ് യാസീന്റെ ഉടമസ്ഥതയിലുള്ള കെ.എൽ 57 വൈ 4428 നമ്പർ ടി.വി.എസ് എന്റോർക് സ്കൂട്ടറിൽ ഹെൽമറ്റില്ലാതെ രണ്ടു പേർ സഞ്ചരിച്ചെന്ന് കാണിച്ചാണ് പിഴ അടക്കാൻ ചലാൻ ലഭിച്ചത്. മുഹമ്മദ് യാസീൻ ചലാൻ പരിശോധിച്ചപ്പോൾ ഒപ്പമുള്ള ഫോട്ടോയിൽ ആക്റ്റിവ സ്കൂട്ടറിലാണ് രണ്ടുപേർ ഹെൽമറ്റ് ധരിക്കാതെ പോകുന്നത് ശ്രദ്ധയിൽപ്പെട്ടത്. ആക്റ്റിവ സ്കൂട്ടറിന്റെ നമ്പർ കെ.എൽ 57 വൈ 4424 ആയിരുന്നു.
വാഹനത്തിന്റെ അവസാന നമ്പർ മാറിയാണ് പിഴ ചലാൻ മോട്ടോർ വാഹന വകുപ്പ് അയച്ചിരിക്കുന്നത്. മോട്ടോർ വാഹന വകുപ്പ് ജീവനക്കാരുടെ സൂക്ഷ്മതയില്ലാത്ത പ്രവൃത്തിയാണ് ആൾ മാറി പിഴ ചലാൻ വരാൻ ഇടയാക്കിയതെന്നാണ് സംശയിക്കുന്നത്. എ.ഇ കാമറ വിവാദങ്ങൾക്കിടെയാണ് മോട്ടോർ വാഹന വകുപ്പിന് തുടർച്ചയായ വീഴ്ചകൾ സംഭവിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.