താമരശ്ശേരി: സംസ്ഥാനത്തെ മികച്ച വില്ലേജ് ഓഫിസുകളിൽ ഒന്നായി രാരോത്ത് വില്ലേജ് ഓഫിസായി മാറിയതിന് പിന്നിൽ ജില്ലയിലെ മികച്ച ഉദ്യോഗസ്ഥനായി തെരഞ്ഞെടുക്കപ്പെട്ട വില്ലേജ് ഓഫിസർ കെ.പി. അബ്ദുൽ ഗഫൂർ. അവാർഡ് വ്യാഴാഴ്ച തിരുവനന്തപുരം അയ്യൻകാളി ഹാളിൽ നടക്കുന്ന പരിപാടിയിൽ ഏറ്റുവാങ്ങും. നാല് വർഷം മുമ്പാണ് പനക്കോട് കൊളാട്ടപ്പൊയിൽ കെ.പി. അബ്ദുൽ ഗഫൂർ രാരോത്ത് വില്ലേജ് ഓഫിസറായി എത്തുന്നത്.
താമരശ്ശേരി താലൂക്കിലെ ഏറ്റവും വലിയ വില്ലേജാണ് രാരോത്ത്. താമരശ്ശേരി, ഓമശ്ശേരി, കട്ടിപ്പാറ ഗ്രാമപഞ്ചായത്തുകളിലെ പ്രദേശങ്ങൾ ഉൾപ്പെടുന്നതാണിത്. വില്ലേജിലെ ഓൺലൈൻ സംവിധാനങ്ങൾ കാര്യക്ഷമമാക്കി 24 മണിക്കൂറിനുള്ളിൽ ആവശ്യക്കാരുടെ കാര്യനിർവഹണം സാധ്യമാക്കുന്ന തരത്തിൽ ഉയർത്തി. ഭൂ നികുതി സംവിധാനം കാര്യക്ഷമമാക്കാൻ ശക്തമായ പ്രവർത്തനങ്ങളും നടത്തി. ഇ-പോസ് സംവിധാനം കുറ്റമറ്റതാക്കിയതും നേട്ടമായി. വില്ലേജിൽ എത്തുന്നവർക്കായി ഇരിപ്പിടം ഉൾപ്പെടെ ഭൗതിക സൗകര്യങ്ങൾ ഏർപ്പെടുത്താനുമായി.
ഉദ്യോഗസ്ഥരുടെ കുറവ് കാര്യക്ഷമമായ പ്രവർത്തനങ്ങൾക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. 1961 ലെ ഉദ്യോഗസ്ഥ പാറ്റേൺ അനുസരിച്ചാണ് ഇവിടെ ഇപ്പോഴും ഉദ്യോഗസ്ഥരുള്ളത്. സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ വില്ലേജ് വിഭജനം നടപ്പാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.