താമരശ്ശേരി: കർഷകരുടെ കൃഷിഭൂമിയിൽ കരുതൽമേഖല നടപ്പാക്കാനുള്ള നീക്കത്തിനെതിരെ താമരശ്ശേരി രൂപത കെ.സി.ബി.സിയും കർഷകസമിതികളും സമരത്തിനൊരുങ്ങുന്നു. അശാസ്ത്രീയമായ ഉപഗ്രഹ സർവേയിലൂടെ മലയോരജനതയെ അങ്കലാപ്പിലാക്കി സർക്കാർ പുറത്തുവിട്ട കരുതൽമേഖല മാപ്പിങ് വളരെ അപാകത നിറഞ്ഞതാണെന്നാണ് കർഷകസംഘടനകളുടെ വാദം.
ഇക്കഴിഞ്ഞ 12ാം തീയതി സർക്കാർ പുറത്തിറക്കിയ മേപ്പ് നിരവധി അപകടം വരുത്തിവെക്കുന്നതാണെന്ന് വി.ഫാം ഫാർമേഴ്സ് ഫൗണ്ടേഷൻ ചെയർമാൻ ജോയി കണ്ണഞ്ചിറ പറഞ്ഞു. മലയോരജനതക്ക് വളരെ പ്രതീക്ഷ നൽകിക്കൊണ്ട് സംസ്ഥാന സർക്കാർ ഗ്രൗണ്ട് സർവേക്കായി നിയോഗിച്ച ഒമ്പത് അംഗ കമ്മിറ്റി ഗ്രൗണ്ട് സർവേ നടത്താതെ ഉപഗ്രഹ സർവേയെ മാത്രം ആശ്രയിച്ചപ്പോൾ ഇതിൽ ഉൾപ്പെടേണ്ട വീടുകളും കെട്ടിടങ്ങളും മറ്റു നിർമിതികളും വളരെ കുറച്ചുമാത്രമാണ് ഉൾപ്പെട്ടത്.
കെട്ടിടങ്ങളെയും വീടുകളെയും സ്ഥാപനങ്ങളെയുമൊക്കെ സംബന്ധിച്ച കണക്കുകൾ വില്ലേജിലും പഞ്ചായത്തിലും കിട്ടാനുള്ള സ്ഥിതിക്ക് ഉപഗ്രഹ സർവേ മാത്രം നടത്തിയതിൽ ദുരൂഹതയുണ്ടെന്ന് കേരള കർഷക അതിജീവന സംയുക്ത സമിതി, ഇൻഫാം എന്നിവയുടെ ഭാരവാഹിയായ ഫാ. ജോസ് പെന്നാപറമ്പിൽ പറഞ്ഞു.
സർക്കാർ പ്രസിദ്ധീകരിച്ച ഉപഗ്രഹ സർവേ റിപ്പോർട്ടിൽ കൂരാച്ചുണ്ട്, ചക്കിട്ടപാറ പഞ്ചായത്തുകളിലെ ഭൂരിഭാഗവും പുതുപ്പാടിയിലെ രണ്ട് സർവേ നമ്പറിലെ ഭൂമിയും കരുതൽമേഖലയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. ഈ മേഖലയിലെ ജനവാസയിടങ്ങളും വീടുകളുടെയും കൃത്യമായ വിവരണങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല. കൃഷിഭൂമിയിലും ജനവാസമേഖലയിലും കരുതൽമേഖല നടപ്പാക്കാൻ അനുവദിക്കില്ല. വനമേഖല മാത്രം കരുതൽമേഖലയിൽ ഉൾപ്പെടുത്തണം.
വി.ഫാം കോഴിക്കോട് ജില്ല കമ്മിറ്റി യോഗംചേർന്ന് സമരപരിപാടികൾ ആരംഭിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. വി. ഫാമും കെ.സി.ബി.സിയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള കർഷക അതിജീവന സംയുക്തസമിതിയും ചേർന്നാണ് പ്രക്ഷോഭങ്ങൾ നടത്തുക. വന്യജീവിസങ്കേതങ്ങൾക്കും നാഷനൽ പാർക്കുകൾക്ക് ചുറ്റും ഒരു കി.മീറ്റർ ദൂരം കരുതൽമേഖല നിർബന്ധിതമാക്കണമെന്ന് 2022 ജൂൺ മൂന്നാം തീയതി സുപ്രീംകോടതി താൽക്കാലിക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
സംസ്ഥാന സർക്കാറുകളോട് കരുതൽമേഖല മേഖലയിലെ സ്ഥിതിവിവരക്കണക്കുകൾ ശേഖരിക്കാനും ആവശ്യമായ നടപടികളും ഭേദഗതികളും നിർദേശിക്കാൻ സുപ്രീംകോടതി ഈ ഉത്തരവിൽ പറഞ്ഞിരുന്നു. അതുപ്രകാരം കരുതൽമേഖല നിർണയിച്ച് സംസ്ഥാന സർക്കാർ നടത്തിയ ഉപഗ്രഹ സർവേ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഇതാണ് മലയോരമേഖലയിലെ കർഷക സംഘടനകളുടെയും കെ.സി.ബി.സിയുടെയും പ്രതിഷേധത്തിന് ഇടയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.