താമരശ്ശേരി: ചുരത്തിൽ സ്വർണവ്യാപാരിയെ തടഞ്ഞുനിർത്തി വാഹനവും പണവും കവർന്ന കേസിൽ രണ്ടു പ്രതികളെക്കൂടി താമരശ്ശേരി പൊലീസ് പിടികൂടി. പാലക്കാട് കണ്ണമ്പ്ര പാലത്ത്പറമ്പിൽ വീട്ടിൽ ജിത്ത് (29), കൊടുങ്ങല്ലൂർ അഞ്ചപ്പാലം കുഴിക്കണ്ടത്തിൽ ഹനീഷ് (39) എന്നിവരെയാണ് താമരശ്ശേരി ഡിവൈ.എസ്.പി എം.പി. വിനോദിന്റെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം വ്യാഴാഴ്ച പുലർച്ച പാലക്കാട്, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽനിന്ന് അറസ്റ്റ് ചെയ്തത്.
2023 ഡിസംബർ 13ന് മൈസൂരുവിൽനിന്ന് കൊടുവള്ളിയിലേക്ക് വരുമ്പോൾ മഹാരാഷ്ട്ര സ്വദേശിയായ വ്യാപാരി വിഷാൽ ഭഗത് ഭട്കരിയെ താമരശ്ശേരി ചുരത്തിൽ തടഞ്ഞുനിർത്തി മർദിച്ചാണ് ക്വട്ടേഷൻ സംഘം 68 ലക്ഷം രൂപയും കാറും തട്ടിയെടുത്തത്. താമരശ്ശേരി, കൊടുങ്ങല്ലൂർ, മാള എന്നിവിടങ്ങളിൽനിന്ന് എട്ടു പ്രതികളെ പൊലീസ് നേരത്തേ പിടികൂടിയിരുന്നു. സംഭവശേഷം തമിഴ്നാട്ടിലും കർണാടകയിലും ഒളിവിൽ കഴിഞ്ഞ പ്രതികൾ നാട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്നാണ് പൊലീസ് പാലക്കാടും കൊടുങ്ങല്ലൂരിലും എത്തിയത്. ഇവർ കവർച്ചക്ക് ഉപയോഗിച്ച് രണ്ടു കാറും ഒരു ജീപ്പും നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു.
പ്രത്യേക അന്വേഷണ സംഘത്തിൽ താമരശ്ശേരി ഇൻസ്പെക്ടർ കെ.ഒ. പ്രദീപ്, സബ് ഇൻസ്പെക്ടർ സജേഷ് സി. ജോസ്, സ്പെഷൽ സ്ക്വാഡ് എസ്.ഐമാരായ രാജീവ് ബാബു, ബിജു പൂക്കോട്ട്, എ.എസ്.ഐമാരായ പി. അഷ്റഫ്, എസ്. സുജാത്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ജയരാജൻ പനങ്ങാട്, ജിനേഷ് ബാലുശ്ശേരി, രാഗേഷ്, വി.പി. സജി എന്നിവരാണ് ഉണ്ടായിരുന്നത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.