താമരശ്ശേരി: ആറാം ക്ലാസുകാരി മുഖ്യമന്ത്രിക്ക് കത്തെഴുതി ദിവസങ്ങൾ പിന്നിട്ടപ്പോഴേക്കും വയോധികയുടെ വീട്ടിൽ വെളിച്ചമെത്തി. കോരങ്ങാട് മൂന്നാംതോട് സ്വർഗവീട്ടിൽ വിനോദ് കുമാറിെൻറയും ഷീനയുടെയും മകളും താമരശ്ശേരി ജി.വി.എച്ച്.എസ്.എസ് ആറാം ക്ലാസ് വിദ്യാർഥിയുമായ വൈഗയുടെ ഇടപെടലാണ് വയോധികയായ മൂന്നാംതോട് കുട്ടിമാളു അമ്മയുടെ വീട്ടിൽ വൈദ്യുതി എത്തിച്ചത്. ആഴ്ചകൾക്ക് മുമ്പാണ് വൈഗയുടെ കൊച്ചുബുദ്ധിയിൽ മുഖ്യമന്ത്രിക്ക് വൈദ്യുതിവിഷയത്തിൽ കത്തെഴുതാമെന്ന ആശയം ഉദിക്കുന്നതും എഴുതുന്നതും.
'ഞങ്ങളുടെ നാട്ടിലെ എല്ലാ വീടുകളിലും വൈദ്യുതി ഉണ്ട്. മുത്തശ്ശിയുടെ വീട്ടിൽ മാത്രം അതില്ലെന്നുമായിരുന്നു' കത്തിലെ വിഷയം'. മുത്തശ്ശിയും മകനും മാത്രമാണ് ആ വീട്ടിലുള്ളത്. മുത്തശ്ശിക്ക് കാഴ്ചയും കേൾവിയും കുറവാണ്.
അവർക്ക് എത്രയുംപെട്ടെന്ന് വൈദ്യുതി കണക്ഷൻ അനുവദിച്ചുകൊടുക്കണമെന്നാണ് മുഖ്യമന്ത്രിക്കുള്ള കത്തിൽ ആവശ്യമുന്നയിച്ചത്. വൈഗയുടെ സ്വന്തം ആശയമായിരുന്നു കത്തെഴുത്തെന്നും പിതാവ് വിനോദ് മുഖ്യമന്ത്രിയുടെ വിലാസം സംഘടിപ്പിച്ചുനൽകിയതോടെ മകൾതന്നെ വിലാസമെഴുതി കത്തയക്കുകയായിരുന്നെന്നും വൈഗയുടെ മാതാവ് ഷീന പറഞ്ഞു.
താമരശ്ശേരി കെ.എസ്.ഇ.ബി അധികൃതർ വൈഗയുടെ വീട്ടിലും സമീപത്തെ മുത്തശ്ശി കുട്ടിമാളു അമ്മയുടെയും വീട്ടിലുമെത്തി. വർഷങ്ങൾക്ക് മുമ്പ് വയറിങ് ചെയ്ത കുട്ടിമാളു അമ്മയുടെ വീട്ടിൽ ഒരു ചെലവുമില്ലാതെ കെ.എസ്.ഇ.ബി അധികൃതർ കഴിഞ്ഞ ദിവസം വൈദ്യുതിയെത്തിച്ചുനൽകി. വർഷങ്ങളായി വൈദ്യുതിവെളിച്ചത്തിനായുള്ള കുട്ടിമാളു അമ്മയുടെ കാത്തിരിപ്പിന് വിരാമമിട്ടു.
താമരശ്ശേരി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എയുടെ ആഭിമുഖ്യത്തിൽ വൈഗയെ അനുമോദിച്ചു. പ്രധാനാധ്യാപിക ജ്യോതി മനോത്ത് ഉപഹാരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.