താമരശ്ശേരി: വിവിധ കാരണങ്ങളാൽ വീൽ ചെയറിൽ കഴിയാൻ വിധിക്കപ്പെട്ടവരുടെ പ്രശ്നങ്ങൾ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽപ്പെടുത്തി വീൽചെയർ റൈറ്റ്സ് ഓർഗനൈസേഷൻ ജില്ല സെക്രട്ടറി ബവീഷ് ബാൽ താമരശ്ശേരി. താമരശ്ശേരി ഗവ. യു.പി സ്കൂളിൽ നടന്ന താമരശ്ശേരി താലൂക്ക് അദാലത്തിൽ പങ്കെടുത്താണ് മന്ത്രിയുടെ ശ്രദ്ധനേടിയത്. സർക്കാർ ആശുപത്രികൾ ഭിന്നശേഷി സൗഹൃദമാക്കണം.
വിൽചെയറിൽ കഴിയുന്നവർക്കുള്ള പെൻഷൻ ലഭിക്കുന്നതിനുള്ള വരുമാന മാനദണ്ഡം വ്യക്തിപരമാക്കണം. താൽകാലികമായി 179 ദിവസം ജോലിചെയ്ത നിരവധി ഭിന്നശേഷിക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. ഇവർക്ക് തുടർന്നും ജോലിചെയ്യാൻ അവസരം നൽകണം. വിൽ ചെയറിൽ കഴിയുന്നവർക്ക് പ്രത്യേക സംവരണം ഏർപ്പെടുത്തണം.
ഭിന്നശേഷിതോത് കുറവുള്ളവർക്ക് എന്തെങ്കിലും ജോലിചെയ്യാൻ കഴിയുമ്പോൾ വീൽ ചെയറിൽ കഴിയുന്നവർക്ക് പല ജോലിയും ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടെന്നും അതുകൊണ്ട് പ്രത്യേക പരിഗണന ആവശ്യമാണെന്നും ചികിത്സ, പഠന സഹായങ്ങൾ അനുവദിക്കണമെന്നും സ്വയം തൊഴിൽ ആരംഭിക്കുന്നതിനും ഉൽപന്നങ്ങൾക്ക് മാർക്കറ്റിങ് സൗകര്യം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളും വീൽചെയർ ഭിന്നശേഷി സൗഹൃദമാക്കിയതായി ടൂറിസം മന്ത്രി കൂടിയായ മുഹമ്മദ് റിയാസ് പറഞ്ഞു. പഠനസഹായങ്ങൾ ലഭ്യമാക്കുമെന്നും മറ്റുള്ള കാര്യങ്ങൾ പരിഗണിക്കാമെന്നും മന്ത്രി ഉറപ്പ് നൽകി. വീൽചെയർ സഹോദരങ്ങളായ മുനീറ ചളിക്കോട്, വരുൺ നരിക്കുനി, എസ്.ഡബ്ല്യു.എസ് പ്രസിഡൻറ് വി.പി. ഉസ്മാൻ എന്നിവരും ഭിന്നശേഷി സഹോദരങ്ങളുടെ പ്രശ്നങ്ങൾ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽ പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.