താ​മ​ര​ശ്ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ കാ​രു​ണ്യ

ഡ​യാ​ലി​സി​സ് സെൻറ​ർ

പരിമിതികളില്‍ വീര്‍പ്പുമുട്ടി താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്റര്‍

താമരശ്ശേരി: ഡയാലിസിസ് ചെയ്യേണ്ട രോഗികളുടെ എണ്ണം അനുദിനം വര്‍ധിക്കുമ്പോഴും പരിമിതികളില്‍ വീര്‍പ്പുമുട്ടി താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ കാരുണ്യ ഡയാലിസിസ് സെന്റര്‍. ഡയാലിസിസ് ആവശ്യമുള്ള ഇരുന്നൂറോളം രോഗികൾ ആശുപത്രിയില്‍ അവസരത്തിനായി കാത്തിരിക്കുകയാണ്.

ഇവര്‍ വലിയ തുക നല്‍കി സ്വകാര്യആശുപത്രികളെയും മറ്റും ആശ്രയിച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നത്. 58 പേര്‍ക്കാണ് ഇപ്പോള്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ചെയ്യാന്‍ കഴിയുന്നത്. പത്ത് ഡയാലിസിസ് മെഷീനുകളാണ് ആകെ ഇവിടെയുള്ളത്.

പൊതുജനങ്ങളിൽനിന്നുള്‍പ്പെടെ സമാഹരിച്ച 80 ലക്ഷം ചെലവിലാണ് ആറുവര്‍ഷം മുമ്പ് ആശുപത്രിയിൽ ഡയാലിസിസ് സെന്ററിനായി കെട്ടിട സൗകര്യം ഒരുക്കിയത്. തുടക്കത്തിലുള്ള മെഷീനുകളാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്.

കൂടുതല്‍ ഡയലാസിസ് മെഷീനുകള്‍ ഏര്‍പ്പെടുത്തി താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്റര്‍ അടിയന്തരമായി നവീകരിക്കേണ്ടതുണ്ട്. മൂന്ന് ഷിഫ്റ്റായാണ് പ്രവര്‍ത്തനം. സങ്കേതിക തകരാറുകൾ സംഭവിക്കുമ്പോൾ സ്വകാര്യ ആശുപത്രികളിലെത്തി ഡയാലിസിസ് നടത്താന്‍ രോഗികൾ നിര്‍ബന്ധിതരാകുന്നു. കിഡ്നി രോഗികൾക്ക് അത്യാവശ്യം നൽകേണ്ട മരുന്നുകൾക്കുപോലും സ്വകാര്യ മെഡിക്കൽ ഷോപ്പുകളെ ആശ്രയിക്കേണ്ട ഗതികേടാണ്.

നാലുമണിക്കൂറാണ് ഡയാലിസിസിന് എടുക്കുന്ന സമയം. ഓരോ അരമണിക്കൂറിലും രോഗിയുടെ രക്തസമ്മര്‍ദം പരിശോധിച്ചാണ് ഡയാലിസിസ് നടത്തേണ്ടത്. ഡയാലിസിസ് സെന്ററില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് കാരണം സമയബന്ധിതമായി രോഗികളുടെ രക്തസമ്മര്‍ദം പരിശോധിക്കാൻ സാധിക്കുന്നില്ല. ഇത് പല രോഗികള്‍ക്കും ആരോഗ്യപ്രശ്നത്തിന് കാരണമാകുന്നു.

സർക്കാർ സഹായം ലഭ്യമാക്കി ജനകീയ പിന്തുണയോടെ ഡയാലിസിസ് സെന്റർ വിപുലമാക്കാൻ വേണ്ട മാസ്റ്റർ പ്ലാൻ തയാറാക്കുമെന്ന് മെഡിക്കൽ സൂപ്രണ്ടായി പുതുതായി ചുമതലയേറ്റ ഡോ. കെ. അബ്ബാസ് പറഞ്ഞു.

Tags:    
News Summary - Taluk Hospital Dialysis Center overwhelmed by constraints

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.