ഈങ്ങാപ്പുഴ: വഴിതെറ്റിവന്ന 22 ചക്രമുള്ള ഭീമൻ ട്രെയിലർ ചുരത്തിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുത്തി. സേലത്തുനിന്ന് സിമൻറ് പൗഡറുമായി കൽപറ്റ പെരിങ്ങോട്ടേക്ക് പുറപ്പെട്ടതാണ് ട്രെയിലർ. മൈസൂരു- ഗുണ്ടൽപേട്ട് വഴി വരേണ്ടതാണ് കോഴിക്കോട് ബൈപാസ് കടന്ന് ദേശീയപാത 766ൽ എത്തിയത്. ദേശീയപാതയിൽ ചുരം ഉണ്ടെന്നറിയാതെയായിരുന്നു യാത്ര.
വ്യാഴാഴ്ച രാവിലെ ഏഴരയോടെ വാഹനം അടിവാരത്ത് എത്തിയപ്പോൾ തന്നെ ചുരം കടന്നുപോകുമോ എന്ന് നാട്ടുകാർ സംശയം പ്രകടിപ്പിച്ചിരുന്നു. വിവരമറിഞ്ഞ് ചുരം സംരക്ഷണ സമിതി പ്രവർത്തകർ എത്തിയപ്പോഴേക്കും ലോറി രണ്ടാം വളവിൽ എത്തിയിരുന്നു. തിരിച്ചിറങ്ങാൻ പറ്റാത്ത അവസ്ഥയായതോടെ ഡ്രൈവർ രണ്ടും കൽപിച്ച് മുന്നോട്ട് എടുക്കുകയായിരുന്നു.
ആറാം വളവിലെത്തിയപ്പോൾ ഡിവൈഡറിൽ തട്ടി രണ്ട് ടയറുകൾ പൊട്ടിയതോടെ ഭാഗികമായി ഗതാഗത തടസ്സമായി. ചുരം സംരക്ഷണ സമിതി പ്രവർത്തകർ മണിക്കൂറുകൾ പണിപ്പെട്ട് ടയറുകൾ പുന:സ്ഥാപിച്ചു.
മുന്നോട്ടുള്ള നീക്കം അപകടകരമായതുകൊണ്ട് അടിവാരം സ്റ്റേഷനിലെ പൊലീസും സമിതി പ്രവർത്തകരും ചേർന്ന് മുന്നിലും പിന്നിലും അകമ്പടി വാഹനങ്ങളോടെ ചുരത്തിലെ ഓരോ കിലോമീറ്ററും ബ്ലോക്ക് ചെയ്ത് രാത്രി ഒമ്പതു മണിയോടെയാണ് ലോറി ചുരം കടത്തിവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.