താമരശ്ശേരി: കോരങ്ങാട് പി.ടി. അബ്ദുൽ സലാം എന്ന വ്യാപാരി നല്ലൊരു കർഷകൻ കൂടിയാണ്. വീടിനു സമീപത്തെ രണ്ടര ഏക്കർ സ്ഥലത്ത് സമ്മിശ്ര കൃഷിയിറക്കി വിജയിച്ചിരിക്കുകയാണ് ഇദ്ദേഹം. വിദേശ പഴങ്ങളോട് ഏറെ ഇഷ്ടമുള്ള സലാം പറമ്പിൽ നിറയെ വൈവിധ്യങ്ങളായ പഴങ്ങളും കൃഷി ചെയ്തിട്ടുണ്ട്. പഴുത്ത മാങ്കോസ്റ്റിൻ, ചുവപ്പും പച്ചയും മഞ്ഞയും നിറങ്ങളിലുള്ള സമൃദ്ധമായി വിളഞ്ഞുനിൽക്കുന്ന റംബൂട്ടൻ തൈകളും ഇവിടത്തെ കാഴ്ചയാണ്.
ഫുലാസാൻ, അബിയു, സാന്തോൾ, വിയന്നാം ഏളി, മിറക്കിൾ സഫ്രൂട്, ഡ്യൂറിയാൻ, ജബോട്ടി, അർബ ബോയ്, കിലോ പേര, ബറാബ, അത്തിപ്പഴം, മിൽക് ഫ്രൂട്, അവക്കാഡോ, ബ്ലൂ സപ്പോട്ട, ലോഗൻ, ജാതിക്ക, ശീമ പ്ലാവ്, ചെറുനാരങ്ങ, അപൂർവയിനം മാമ്പഴങ്ങൾ തുടങ്ങിയ വിദേശ -സ്വദേശ പഴവൃക്ഷങ്ങൾ വിളഞ്ഞുനിൽക്കുന്നതിന് പിന്നിൽ കഠിനാധ്വാനമുണ്ട്.
നാട്ടിൽ വ്യാപാരസ്ഥാപനങ്ങൾ നടത്തുന്ന തിരക്കുകൾക്കിടയിലും സലാം കൃഷിക്കാര്യങ്ങളിലും അതീവ തൽപരനാണ്. അവധിദിവസങ്ങളിലും രാവിലെകളിലും കൃഷിയിടത്തിൽ കൂടുതൽ സമയം ചെലവഴിക്കും. അടുത്തിടെ വെച്ച മാങ്കോസ്റ്റിൻ തൈകൾ കുലച്ച് കായ്ഫലം തരാൻ ആയിട്ടുണ്ട്. അപൂർവയിനം പഴങ്ങളും മറ്റും സംസ്കരിച്ച് ഭാവിയിൽ കുറഞ്ഞ വിലയ്ക്ക് വിപണിയിലെത്തിക്കാൻ പദ്ധതിയുണ്ടെന്ന് സലാം പറഞ്ഞു.
കേരളത്തിന്റെ കാലാവസ്ഥയിൽ, മാങ്കോസ്റ്റിൻ, റംബൂട്ടാൻ അടക്കമുള്ള പഴങ്ങൾ സമൃദ്ധമായി വളരുമെന്ന് സലാം തെളിയിക്കുകയാണ്. അത്യുൽപാദനശേഷിയുള്ള തൈകൾ രാജ്യത്തിനകത്തും പുറത്തും നിന്ന് വലിയ വില കൊടുത്ത് സംഘടിപ്പിച്ചാണ് ജൈവകൃഷി ചെയ്യുന്നത്.
പിതാവ് പരേതനായ കോരങ്ങാട് പി.ടി. അബൂബക്കർ ഹാജിതന്നെയാണ് ഫലവൃക്ഷങ്ങളുടെ പ്രാധാന്യം വളരെ ചെറുപ്പത്തിൽതന്നെ ബോധ്യപ്പെടുത്തിയതെന്ന് സലാം പറഞ്ഞു. ഭാര്യ സഫിയയും മക്കളായ റോഷൻ, റെനിൻ, റാഹിൽ, റയ എന്നിവരും ഫലവൃക്ഷ കൃഷി പരിപാലനത്തിന് എല്ലാ പിന്തുണയുമായി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.