താമരശ്ശേരി: ഗതാഗത തടസ്സംകൊണ്ട് വീർപ്പുമുട്ടുന്ന താമരശ്ശേരി ചുരത്തിലെ കൊടുംവളവുകൾ വീതി കൂട്ടിയുള്ള വികസനം യാഥാർഥ്യമായില്ല. പ്രധാന തടസ്സം സ്ഥലം ലഭ്യതയായിരുന്നു.
മൂന്നു വർഷം മുമ്പ് വനം വകുപ്പ് സ്ഥലം വിട്ടുനൽകിയിരുന്നു. എന്നാൽ, സർക്കാർ ഫണ്ടനുവദിക്കാതെയായതോടെ വികസനം നീളുകയാണ്.
ചുരത്തിലെ മൂന്ന്, അഞ്ച് മുടിപ്പിൻ വളവുകൾ വീതി കൂട്ടി വികസിപ്പിച്ചത് വനം വകുപ്പിൽനിന്ന് സ്ഥലം വിട്ടുകിട്ടിയ ശേഷമായിരുന്നു. എന്നാൽ, അന്ന് തുടങ്ങിയ വികസന പ്രവത്തികൾ പിന്നീട് നിലച്ചു.
താമരശ്ശേരി ചുരത്തിലെ ഒന്ന്, ആറ്, ഏഴ്, എട്ട് വളവുകളിലാണ് ഇനി വീതി കൂട്ടി വികസനം നടത്തേണ്ടത്.
ഒന്നാം വളവിൽ ഒഴികെയുള്ള വളവുകളിലെ വികസനത്തിനാണ് സ്ഥലം വനം വകുപ്പ് വിട്ടുനൽകിയത്. ഒന്നാം വളവ് വീതികൂട്ടി വികസിപ്പിക്കണമെങ്കിൽ സ്വകാര്യ വ്യക്തിയിൽനിന്ന് സ്ഥലം ഏറ്റെടുക്കണം.
അത്തരം നടപടികളൊന്നും തുടങ്ങിയിട്ടില്ല. താമരശ്ശേരി ചുരത്തിലെ ആറ്, ഏഴ്, എട്ട് വളവുകൾ വീതി കൂട്ടി വികസിപ്പിച്ചാൽ തന്നെ ദിവസവും നേരിടുന്ന ഗതാഗതക്കുരുക്കിന് വലിയ പരിഹാരമാകും. മൈസൂർ, ഊട്ടി, ബംഗളുരൂ തുടങ്ങിയ ദീർഘദൂര യാത്രക്കാർ സഞ്ചരിക്കുന്ന താമരശ്ശേരി ചുരത്തിൽ ദിവസവും മണിക്കൂറുകൾ ഗതാഗതക്കുരുക്ക് നേരിടുന്നത് പതിവാണ്. റോഡ് പണിയും വാഹനാപകടങ്ങളും വാഹനങ്ങൾ കേടായി റോഡിൽ കുടുങ്ങുന്നതും ചുരത്തിൽ പതിവാണ്. വളവുകൾ വീതി കൂട്ടി വികസനം യാഥാർഥ്യമാക്കുക മാത്രമാണ് പരിഹാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.