താമരശ്ശേരി: കാട്ടുപന്നികൾ ജനജീവിതത്തിന് ദുരിതമാകുന്നതരത്തിൽ നാട്ടിൽ വിലസുമ്പോഴും നിസ്സംഗരായി വനംവകുപ്പ്. കാട്ടുപന്നികളുടെ അനിയന്ത്രിതമായ പെരുപ്പം കാരണം അവ കാട് വിട്ട് ജനവാസകേന്ദ്രങ്ങളിലേക്കും ടൗണുകളിലേക്കും ചേക്കേറുന്നത് മനുഷ്യജീവനും കാർഷികവിളകൾക്കും ഭീഷണി ഉയർത്തുകയാണ്.
ആക്രമണത്തിൽ നിരവധി മനുഷ്യജീവനുകളാണ് അടുത്ത കാലത്തായി പൊലിഞ്ഞത്. ഗുരുതര പരിക്കുകളുമായി ആശുപത്രിയിലും വീടുകളിലും കിടപ്പിലായവർ അനവധിയാണ്. കോഴിക്കോട് ബൈപാസിൽ ഹൈലൈറ്റ് മാളിനു സമീപം റോഡിലേക്കു ചാടിയ പന്നി വാഹനത്തിൽ തട്ടി ചേളന്നൂർ സ്വദേശിയായ സാദിഖിന് ജീവൻ നഷ്ടപ്പെട്ടത് ഈ അടുത്താണ്. ഈയിടെ താമരശ്ശേരി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ വളപ്പിൽ പട്ടാപ്പകൽ പന്നി കയറിയപ്പോൾ ഭാഗ്യംകൊണ്ടു മാത്രമാണ് കുട്ടികൾ പന്നിയുടെ ആക്രമണമേൽക്കാതെ രക്ഷപ്പെട്ടത്.
തിരക്കുള്ള റോഡുകളിൽപോലും കുറുകെ ചാടുന്ന പന്നികൾ വാഹനത്തിൽ തട്ടി അപകടം വരുത്തുന്നത് പതിവായിരിക്കുകയാണ്. ഭക്ഷണം തേടി കാടിറങ്ങിവരുന്ന പന്നികൾ നാടുകളിലെത്തി ജനവാസകേന്ദ്രങ്ങൾക്കു സമീപത്തെ ചെറുകാടുകളിലും പൊന്തകളിലും അഭയം തേടുകയും പിന്നീട് പെറ്റുപെരുകുകയുമാണ് ചെയ്യുന്നത്. ഭക്ഷണത്തിനുവേണ്ടി കൃഷിയിടങ്ങളിലും വീട്ടുപരിസരങ്ങളിലും ടൗണുകളിൽപോലും കൂട്ടമായും ഒറ്റയായും എത്തുകയാണ്. വീടിനകത്ത് കയറി പോലും കട്ടിപ്പാറയിൽ കാട്ടുപന്നികൾ നാശനഷ്ടങ്ങൾ ഉണ്ടാക്കി.
മനുഷ്യനും കൃഷിക്കും ഭീഷണിയായ പന്നികളെ കൊല്ലാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കർഷകർ നിരന്തരം സമരം ചെയ്തിട്ടും ഫലപ്രദമായ പരിഹാരം കാണാതെ വനം വകുപ്പ് ഒഴിഞ്ഞുമാറുകയാണ്. ഈ ആവശ്യമുന്നയിച്ച് ഹൈകോടതിയെ സമീപിച്ച കർഷകർക്ക് ശല്യക്കാരായ പന്നികളെ വെടിവെച്ചുകൊല്ലാൻ അനുമതി ലഭിച്ചെങ്കിലും ലൈസൻസുള്ള തോക്ക് കൈവശമില്ലാത്തതിനാൽ ലഭിച്ച അനുമതി പാഴാവുകയാണ്.
തോക്ക് ലൈസൻസുള്ള കർഷകർ എണ്ണത്തിൽ കുറവായതും ലൈസൻസുള്ളവർ പ്രായാധിക്യവും അനാരോഗ്യവും ഉള്ളവരായതിനാലും വെടിവെക്കൽ അപ്രായോഗികമാണ്. ഈ ആവശ്യത്തിന് പുതുതായി ലൈസൻസിന് അപേക്ഷിച്ചാൽ ലഭിക്കാത്ത സാഹചര്യവുമാണ് നിലവിലുള്ളത്. ഏറ്റവും കാട്ടുപന്നി ശല്യമുള്ള കട്ടിപ്പാറയിൽ ഉൾപ്പെടെ വളരെ കുറച്ച് കാട്ടുപന്നികളെ മാത്രമേ അമർച്ച ചെയ്യാനായിട്ടുള്ളൂ. ചില സംസ്ഥാനങ്ങളിൽ കാട്ടുപന്നികളെ ക്ഷുദ്രജീവി പട്ടികയിൽപെടുത്തി ഉപാധികളില്ലാതെ കൊല്ലുന്നതിന് അനുമതി നൽകിയിട്ടുണ്ട്.
വിഷയത്തിൽ ബന്ധപ്പെട്ട വകുപ്പുമന്ത്രിയും കേന്ദ്രവുമായും ഡൽഹിയിൽ ചർച്ച നടത്തിയിരുന്നെങ്കിലും തീരുമാനമൊന്നുമായിട്ടില്ല. കാട്ടുപന്നികളെ ക്ഷുദ്രജീവി പട്ടികയിലുൾപ്പെടുത്തി നിരുപാധികം കർഷകർക്ക് കൊല്ലാൻ അനുമതി നൽകുകയോ ഷൂട്ടർമാരെ നിയമിച്ച് വനം വകുപ്പ് സ്വന്തം നിലയിൽ കൊല്ലുന്നതിന് നടപടി സ്വീകരിക്കുകയോ ആണ് പ്രശ്നത്തിന് ശാശ്വതപരിഹാരമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കാട്ടുപന്നികളുടെ അനിയന്ത്രിതമായ പെരുപ്പം തടയാൻ അവയെ ഏതുവിധേനയും കൊല്ലാൻ കർഷകർക്ക് അനുമതി നൽകണമെന്ന് താമരശ്ശേരി മേഖല കർഷക കൂട്ടായ്മ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.