താമരശ്ശേരി: എം.ഡി.എം.എയുമായി രണ്ടു യുവാക്കൾ പിടിയിൽ. 5 ഗ്രാം എം.ഡി.എം.എയുമായി കൈതപ്പൊയിൽ ആനോറ ജുനൈസ്(39), മലോറം നെരൂക്കുംചാൽ കപ്പാട്ടുമ്മൽ വിഷ്ണു (23) എന്നിവരെയാണ് വ്യാഴാഴ്ച കൈതപ്പൊയിലിൽ നിന്നും പിടികൂടിയത്. കോഴിക്കോട്, താമരശ്ശേരി, വയനാട് ഭാഗങ്ങളിൽ ഇവർ മയക്കുമരുന്ന് വ്യാപകമായി വിൽപന നടത്തിവരുകയായിരുന്നു.
ഇവർ സഞ്ചരിച്ച ബുള്ളറ്റ് മോട്ടോർ സൈക്കിളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രതികൾ രണ്ടുപേരും സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരും വിൽപനക്കാരുമാണെന്ന് പൊലീസ് പറഞ്ഞു. ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിൽനിന്നുമാണ് പ്രതികൾ മയക്കുമരുന്ന് എത്തിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഗ്രാമിന് 5000 രൂപ നിരക്കിലാണ് വിൽപന. വിൽപനക്കായി പുതുപ്പാടി, താമരശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളിൽ ഇവർക്ക് വിപുലമായ സംഘവുമുണ്ട്.
താമരശ്ശേരി, അടിവാരം എന്നിവിടങ്ങളിൽ ലഹരിക്കെതിരെയുള്ള ജാഗ്രത സമിതിയുടെ പ്രവർത്തകരിൽനിന്നും പൊലീസിന് ലഭിച്ച രഹസ്യവിവരപ്രകാരമായിരുന്നു പരിശോധന. കുറച്ചുകാലമായി പ്രതികൾ പൊലീസിന്റെയും നാട്ടുകാരുടെയും നിരീക്ഷണത്തിലായിരുന്നു.
താമരശ്ശേരി ഡിവൈ.എസ്.പി അഷ്റഫ് തെങ്ങിലക്കണ്ടിയുടെയും ഇൻസ്പെക്ടർ ടി.എ. അഗസ്റ്റിന്റെയും നിർദേശപ്രകാരം എസ്.ഐ ശ്രീജിത്ത്, സ്പെഷൽ സ്ക്വാഡ് എസ്.ഐമാരായ രാജീവ് ബാബു, വി.കെ. സുരേഷ്, ബിജു പൂക്കോട്ട്, എസ്.ഐമാരായ വിപിൻ, കെ. വിജയൻ, എ.എസ്.ഐ ഇ.ജെ. ബെന്നി, ബിജേഷ്, എസ് സി.പി.ഒ രജീഷ്, സി.പി.ഒമാരായ ഷിനോജ്, അനോഷ്, സുജിത് കുമാർ, കെ.ജി. ജിതിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.