ബാലുശ്ശേരി: ഇടതു സർക്കാറിനെതിരെ നടത്തുന്ന പ്രതിഷേധ സമരം പൊലീസ് അടിച്ചമർത്തുന്നതിനെതിരെ ബാലുശ്ശേരിയിൽ യൂത്ത് കോൺഗ്രസിെൻറ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി. ആരോപണ വിധേയരായ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കെ.ടി. ജലീൽ, സ്വപ്ന സുരേഷ് എന്നിവരുടെ മുഖം അണിഞ്ഞുകൊണ്ടാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്. മാർച്ച് സ്റ്റേഷന് നൂറ് മീറ്റർ അകലെ ബാരിക്കേഡ് വെച്ച് തടഞ്ഞു. ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രവർത്തകരും പൊലീസും തമ്മിൽ നേരിയ സംഘർഷമുണ്ടായെങ്കിലും നേതാക്കൾ ഇടപെട്ട് ശാന്തമാക്കി.
ജില്ല പ്രസിഡൻറ് ആർ. ഷെഹിൻ, ടി.എം. വരുൺ കുമാർ, ഷമീർ നളന്ദ, കെ.എം. രബിൻ ലാൽ, ടി.കെ. അനുമോദ്, ടി. അഭിജിത്ത്, ശ്രീജിത്ത് കായണ്ണ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കണ്ടാലറിയാവുന്ന 50 ഓളം പേർക്കെതിരെ കേസെടുത്തു. മാർച്ചിന് മണിക്കൂർ മുമ്പേ സംസ്ഥാന പാത പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് അടച്ചതിനാൽ വാഹന യാത്രക്കാർ ഏറെ പ്രയാസപ്പെട്ടു.
പ്രവർത്തകർ താമരശ്ശേരി-കൊയിലാണ്ടി സംസ്ഥാന പാത ഉപരോധിച്ചതിനാൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് ആർ. ഷെഹിൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് ടി.എം. വരുൺ കുമാർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം കെ. രാമചന്ദ്രൻ മാസ്റ്റർ, ഡി.സി.സി സെക്രട്ടറി നിജേഷ് അരവിന്ദ്, കെ.കെ. പരീത്, വി.ബി. വിജീഷ്, വി.സി. വിജയൻ, രോഹിത് പുല്ലങ്കോട്ട്, അതുൽ ഇയ്യാട്, സി.എം. സുവിൻ, അഫ്സൽ പനായി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.