കോഴിക്കോട്: ജില്ലയെ മാലിന്യമുക്തമാക്കാൻ 14,305 ഹരിത അയൽക്കൂട്ടങ്ങളൊരുങ്ങി. മാലിന്യമുക്ത നവകേരളം രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് അയൽക്കൂട്ടങ്ങളെ ഹരിതവത്കരിക്കുന്ന പദ്ധതി തുടങ്ങിയത്. മാർച്ചിൽ പദ്ധതി അവസാനിക്കാനിരിക്കെ 50 ശതമാനത്തോളം കുടുംബശ്രീകൾ ഹരിത അയൽക്കൂട്ടങ്ങളായത് വലിയ പ്രതീക്ഷയാണ് നൽകുന്നത്. പ്രത്യേകം തയാറാക്കിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ എ.ഡി.എസിന്റെ നേതൃത്വത്തിൽ നടത്തിയ ഗ്രേഡിങ്ങിലാണ് 14,305 ഹരിത അയൽക്കൂട്ടങ്ങളെ തിരഞ്ഞെടുത്തത്. ജില്ലയിൽ 27,699 കുടുംബശ്രീകളാണ് ഉള്ളത്.
അംഗങ്ങളുടെ വീടുകളിലെ മാലിന്യസംസ്കരണ രീതി, അയൽക്കൂട്ട പ്രവർത്തനങ്ങളിലെ ഹരിതചട്ടം പാലിക്കൽ, വീടുകളിൽ മാലിന്യസംസ്കരണ സംവിധാനം ഉറപ്പാക്കാൻ നടത്തിയ ഇടപെടൽ, പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് തടയാൻ ഏറ്റെടുത്ത പ്രവർത്തനങ്ങൾ, നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉപയോഗം തടയാനുള്ള പ്രവർത്തനങ്ങൾ, വൃത്തിയുള്ള പാതയോരങ്ങൾക്കായുള്ള പ്രവർത്തനങ്ങൾ, പരിസര ശുചീകരണ പ്രവർത്തനങ്ങൾ എന്നിവയാണ് സർവേയിൽ കണക്കിലെടുക്കുന്നത്.
സംസ്ഥാന കുടുംബശ്രീ മിഷൻ തയാറാക്കുന്ന ഏകീകൃത രീതിയിലെ ഫോറത്തിലാണ് വിവരം ശേഖരിക്കുന്നത്. ഇത് സി.ഡി.എസ് തലത്തിൽ ലഭ്യമാക്കും. ഒമ്പത് മാനദണ്ഡങ്ങളിൽ പരമാവധി 100 മാർക്ക് നേടണം. 60 മാർക്കിൽ കൂടുതൽ നേടുന്നവരെ ഹരിത അയൽക്കൂട്ടമായി പ്രഖ്യാപിക്കും. ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സാക്ഷ്യപത്രം നൽകും. ആദ്യഘട്ട സർവേയിൽ 60ൽ താഴെ മാർക്ക് നേടുന്നവരെ പ്രത്യേകമായി പരിഗണിച്ച് മെച്ചപ്പെടുത്താൻ പ്രവർത്തനങ്ങളും നടത്തും.
വടകര, തൂണേരി, കുന്നുമ്മൽ, മേലടി, പേരാമ്പ്ര, ബാലുശ്ശേരി, പന്തലായനി, കൊടുവള്ളി, കുന്ദമംഗലം, ചേളന്നൂർ, കോഴിക്കോട് എന്നീ ബ്ലോക്കുകളിലും കൊയിലാണ്ടി വടകര, പയ്യോളി, മുക്കം, കൊടുവള്ളി, രാമനാട്ടുകര, ഫറോക്ക് എന്നീ മുനിസിപ്പാലിറ്റികളിലും കോഴിക്കോട് കോർപറേഷനിലും നടത്തിയ കണക്കനുസരിച്ചാണിത്. കോഴിക്കോട് കോർപറേഷനിലെ 3048 കുടുംബശ്രീകളിൽ സർവേ നടത്തിയപ്പോൾ 2527 എണ്ണവും ഹരിത അയൽക്കൂട്ടങ്ങളായി തിരഞ്ഞെടുത്തു. ജനുവരിയോടെ മറ്റ് മുനിസിപ്പാലിറ്റികളിലും ബ്ലോക്കുകളിലും സർവേ പൂർത്തിയാകും. കുടുംബശ്രീ ജില്ല മിഷൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രൂപവത്കരിച്ച കോർ കമ്മിറ്റിക്കാണ് നടത്തിപ്പ് ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.