കോഴിക്കോട്: കോവൂർ വാർഡിൽ പൊന്നങ്കോട് കുന്ന് പ്രദേശത്ത് മൂന്നു മാസത്തോളമായി കുടിവെള്ളമില്ല. നിരവധി വീട്ടുകാരാണ് വെള്ളം കിട്ടാതെ വലയുന്നത്. വളരെ ആഴത്തിൽ കിണർ കുഴിച്ചാലും വെള്ളം കിട്ടാത്ത ഭാഗമാണിത്. സൈബർ പാർക്കിലേക്ക് ഈ ഭാഗത്തുനിന്ന് പുതിയ കണക്ഷനുകൾ നൽകിയതാണ് പ്രശ്നം രൂക്ഷമാക്കിയതെന്ന് നാട്ടുകാർ സംശയിക്കുന്നു.
മൂന്നു മാസം മുമ്പാണ് തീരെ വെള്ളം വരാതായത്. ഇടക്ക് എപ്പോഴെങ്കിലും വെള്ളം ലഭിക്കും. അപ്പോൾ ശേഖരിക്കുന്ന വെള്ളമാണ് ഏക ആശ്രയം. വീട്ടുകാർ സ്വന്തം ചെലവിൽ പുറത്തുനിന്ന് വെള്ളം ലോറികളിൽ എത്തിക്കുകയാണിപ്പോൾ. വെള്ളത്തിനും വലിയ തുക നൽകണമെന്നായതോടെ സാധാരണക്കാരായ വീട്ടുകാർക്ക് അധിക ബാധ്യതയായി.
ആറു കുന്നുകളടങ്ങിയ ഉയർന്ന പ്രദേശമാണിത്. പൊന്നങ്കോട് കുന്നിനു പുറമെ ദേവഗിരി കുന്ന്, കക്കാട് കുന്ന്, പൊങ്ങുഴിക്കുന്ന് തുടങ്ങിയ മേഖലയിലെല്ലാം വേനലിൽ കുടിവെള്ളപ്രശ്നമുണ്ട്. കോവൂർ വാർഡ് ഇത്തരം കുന്നുകളും ചരിവുകളും ഉൾപ്പെട്ടതാണ്. കൂളിമാട് കുറ്റിക്കാട്ടൂർ പമ്പ് ഹൗസിൽനിന്നാണ് ഈ ഭാഗത്തേക്കുള്ള വെള്ളം പമ്പ് ചെയ്യുന്നത്. താഴ്വാരങ്ങളിൽനിന്ന് കൂടുതൽ പേർ വെള്ളമെടുക്കുകയോ കണക്ഷനുകൾ നൽകുകയോ ചെയ്താൽ ഉയർന്ന ഭാഗത്തേക്കുള്ള വെള്ളം എത്താതെയാവും.
അധികാരികളുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയില്ലെന്നാണ് ആരോപണം. ബന്ധപ്പെട്ട സെക്ഷനിൽ ആളില്ല എന്ന മറുപടിയാണ് കിട്ടുന്നത്.
വെസ്റ്റ്ഹിൽ അത്താണിക്കൽ വാട്ടർ അതോറിറ്റി ഓഫിസിൽ വിളിച്ചാൽ വ്യക്തമായ മറുപടിയില്ലെന്നാണ് പരാതി. ആറു മാസത്തേക്ക് കരാറിൽ നിയമിക്കുന്ന ഉദ്യോഗസ്ഥർക്ക് പ്രദേശത്തെ പ്രശ്നങ്ങൾ മനസ്സിലാക്കാനുമാവുന്നില്ല. എന്താണ് പ്രശ്നമെന്ന് ആർക്കും തിട്ടമില്ലാത്ത സ്ഥിതിയാണ്. പൊറ്റമ്മൽ ടാങ്കിൽ വെള്ളമില്ലാത്തതാണ് പ്രശ്നമെന്നായിരുന്നു പരാതിപ്പെട്ടപ്പോൾ ഓഫിസിൽനിന്ന് കിട്ടിയ മറുപടി.
എന്നാൽ, ദേവഗിരിയിലെ ടാങ്കിൽനിന്നാണ് ഇങ്ങോട്ടുള്ള കണക്ഷനെന്ന് നാട്ടുകാർ പറഞ്ഞപ്പോഴാണ് ഉദ്യോഗസ്ഥർക്ക് തന്നെ മനസ്സിലായതെന്ന് പരിസരവാസികൾ പറയുന്നു.
ജല അതോറിറ്റിയിലെ ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കാനും കോവൂർ വാർഡിൽ അടിയന്തരമായി ഇടപെടാനും കോർപറേഷൻ കൗൺസിൽ നിർദേശം നൽകിയതായി വാർഡ് കൗൺസിലർ ടി. സുരേഷ് കുമാർ അറിയിച്ചു. ഇതിന്റെയടിസ്ഥാനത്തിൽ പ്രശ്നം പരിഹരിക്കാൻ നടപടികൾ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കോർപറേഷൻ കൗൺസിൽ യോഗത്തിൽ അദ്ദേഹം ഇക്കാര്യത്തിൽ ശ്രദ്ധ ക്ഷണിച്ചിരുന്നു. പ്രശ്നം വകുപ്പുമന്ത്രിയുടെ ശ്രദ്ധയിൽപെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.