കോഴിക്കോട്: ചെറിയ തോതിൽ വേനൽമഴ ലഭിച്ചുതുടങ്ങിയെങ്കിലും ജില്ലയിൽ ചൂടിനും വേനൽക്കാല കെടുതികൾക്കും ശമനമായില്ല. ഞായറാഴ്ച ജില്ലയിൽ 40 ഡിഗ്രി ചൂടാണ് അനുഭവപ്പെട്ടത്. എന്നാൽ, 49 ഡിഗ്രി ചൂടിന്റെ പ്രതിഫലനമായിരുന്നു. പലയിടങ്ങളിലും വേനൽമഴ പെയ്തെങ്കിലും കാര്യമായ മഴ എവിടെയും ലഭിച്ചിട്ടില്ല.
ചൂട് വർധിക്കാനും കിണറുകളിലെ ജലനിരപ്പ് കുറയാനും ഇത് ഇടയാക്കുകയാണെന്നും നാട്ടുകാർ പറയുന്നു. ശക്തമായ വേനലിലും വറ്റാത്ത കിണറുകൾ വരെ വറ്റിത്തുടങ്ങിയത് ജനങ്ങളെ ആശങ്കയിലാക്കുകയാണ്. കുടിവെള്ള ക്ഷാമത്തിനൊപ്പം പകർച്ചവ്യാധികളും വർധിക്കുകയാണ്.
കനത്ത ചൂടും ജലക്ഷാമവുംമൂലം ജില്ലയിൽ 14 കോടിയുടെ കൃഷിനാശം. 342.813 ഹെക്ടറിലെ കൃഷിയെയാണ് വേനൽ ബാധിച്ചത്. 1717 കർഷകരുടെ കൃഷി നശിച്ചു. വാഴകൃഷിയാണ് കൂടുതൽ നശിച്ചത്. കുരുമുളക്, ജാതിക്ക, കൊക്കോ, തെങ്ങ്, കവുങ്ങ്, പച്ചക്കറി വിളകളെയും വരൾച്ച ബാധിച്ചു. ജലസ്രോതസ്സുകൾ വറ്റി ജലസേചനം തടസ്സപ്പെട്ടതോടെ ജലസേചന സൗകര്യമുള്ള കൃഷിയിടങ്ങളിൽപോലും വലിയ നാശമുണ്ടായി.
ജില്ലയിൽ ഏകദേശം 145.15 ഹെക്ടറിലായി വാഴകൃഷി നശിച്ചു. കർഷകർക്ക് 10.88 കോടി രൂപയുടെ നാശനഷ്ടമുണ്ടായി. 878 കർഷകരെ ബാധിച്ചു. കൊടുവള്ളി ബ്ലോക്കിലാണ് കൂടുതൽ സ്ഥലത്ത് വാഴ നശിച്ചത് -77.34 ഹെക്ടർ. കുന്ദമംഗലത്തും (25.91 ഹെക്ടർ) തോടന്നൂരിലും (28.4 ഹെക്ടർ) വാഴകൃഷിയിൽ കാര്യമായ നാശമുണ്ടായി. പേരാമ്പ്രയിലും വലിയ നാശമുണ്ടായി.
കടുത്ത വേനലിൽ പുഴകളും നീർച്ചാലുകൾ വറ്റിവരളുന്നു. ഇതോടെ കാർഷിക വിളകൾ കരിഞ്ഞുണങ്ങി. കിണറുകളിലും കുളങ്ങളിലും വെള്ളമില്ലാതായതോടെ കുടിവെള്ളവും കിട്ടാക്കനിയായി. ജില്ലയിലെ പ്രധാന പുഴകളായ ചാലിയാർ, ഇരുവഴിഞ്ഞിപ്പുഴ, പൂനൂർ പുഴ, കടലുണ്ടിപ്പുഴ, മുത്തപ്പൻപുഴ, കുറ്റ്യാടിപ്പുഴ, മൂരാട് പുഴ, കൊയിലാണ്ടി നെല്യാടിക്കടവ് എന്നിവിടങ്ങളിലെല്ലാം വെള്ളം താഴ്ന്ന് നീരൊഴുക്ക് പേരിനുമാത്രമായി.
ജലാശയങ്ങൾ വറ്റിവരണ്ടതോടെ കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുകയാണ്. കിലോമീറ്ററുകൾ താണ്ടിയാണ് വെള്ളമെത്തിക്കുന്നത്. തുഷാരഗിരി വെള്ളച്ചാട്ടവും കരിയാത്തൻപാറ പുഴയും ഉരക്കുഴി വെള്ളച്ചാട്ടവും പതങ്കയവുമെല്ലാം വറ്റിവരണ്ടത് വിനോദസഞ്ചാര മേഖലക്കും തിരിച്ചടിയായി. പാറക്കെട്ടുകൾക്കിടയിൽ കെട്ടിനിൽക്കുന്ന വെള്ളം മാത്രമേ പല പുഴകളിലും ഉള്ളൂ. മ
ലയോര പ്രദേശങ്ങളിലെല്ലാം കുടിവെള്ളക്ഷാമം രൂക്ഷമാണ്. കിലോമീറ്ററുകൾ താണ്ടിയാണ് വീട്ടുകാർ വെള്ളമെത്തിക്കുന്നത്. ടൂറിസത്തിന്റെ മറവിൽ റിസോർട്ട് ഉടമകൾ വൻതോതിൽ വെള്ളമൂറ്റുന്നതും പുഴയിലെ വെള്ളം കുറയാൻ കാരണമായിട്ടുണ്ട്. ഉരക്കുഴി കരിയാത്തുംപാറ പുഴയും വറ്റിത്തുടങ്ങി. കരിയാത്തുംപാറ മേഖലയിലെ പ്രധാന ജലസ്രോതസ്സായ പെരുവണ്ണാമൂഴി ഡാം റിസർവോയറിലും വെള്ളം കുറഞ്ഞിട്ടുണ്ട്. പുഴയോരത്തുള്ള കുടിവെള്ള പദ്ധതികളെയെല്ലാം വരൾച്ച പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ചക്കിട്ടപാറ പഞ്ചായത്തിലൂടെ ഒഴുകുന്ന ഓനിപ്പുഴയിലും മൂത്താട്ടുപുഴയിലും വെള്ളം കുറഞ്ഞു. കുറ്റ്യാടിപ്പുഴയിലും വെള്ളം കുറയാൻ ഇത് കാരണമാകും. പെരുവണ്ണാമൂഴി, കക്കയം ഡാം റിസർവോയറിലും വെള്ളം മുമ്പില്ലാത്തവിധം കുറഞ്ഞു.
കുടിവെള്ളക്ഷാമം രൂക്ഷമായതോടെ ജില്ലയിൽ മലിനജലത്തിലൂടെ പകരുന്ന പകർച്ചവ്യാധികളും വർധിച്ചു. നഗര-ഗ്രാമ വ്യത്യാസമില്ലാതെ മഞ്ഞപ്പിത്തം പടർന്നുപിടിക്കുകയാണ്. ജില്ലയിൽ ഷിഗല്ലയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നഗരത്തിൽ മഞ്ഞപ്പിത്തം വർധിച്ചതോടെ ഐസ് ഒരതിക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.
വിനോദസഞ്ചാര കേന്ദ്രങ്ങളിൽനിന്ന് ഐസ് ഒരതിയും പാനീയങ്ങളും കുടിക്കുന്നവരിൽ മഞ്ഞപ്പിത്തം വർധിച്ചതോടെയാണ് നടപടി. ചിക്കൻപോക്സ്, വയറിളക്കം തുടങ്ങിയവയും വ്യാപിക്കുന്നുണ്ട്. മതിയായ ശുചീകരണം നടത്താതെയാണ് കുപ്പിവെള്ളം വരെ വിൽപനക്കെത്തുന്നത്. ഇത് കൃത്യമായി പരിശോധിക്കാൻ അധികൃതർ തയാറാവാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. ജലാശയങ്ങളിൽ കക്കൂസ് മാലിന്യം അടക്കം തള്ളുന്നത് പകർച്ചവ്യാധികൾ വർധിക്കാനിടയാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.