കോഴിക്കോട്: നടക്കാവ് പണിക്കർ റോഡിൽ വീണ്ടും കുടിവെള്ള പൈപ്പ് പൊട്ടി റോഡ് ചളിക്കുളമായത് നാട്ടുകാരെ ദുരിതത്തിലാക്കുന്നു. അമൃത് കുടിവെള്ള പദ്ധതിക്കായി കുഴിയെടുക്കുന്നതിനിടെയാണ് കുടിവെള്ള പൈപ്പ് പൊട്ടിയത്. പൊട്ടിപ്പൊള്ളിച്ചിട്ട റോഡിലൂടെ വെള്ളം ഒഴുകി ചളി നിറഞ്ഞ് റോഡും കുഴിയും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ്. ഇതു സംബന്ധിച്ച് പരാതിപ്പെട്ടിട്ടും പൈപ്പ് അറ്റകുറ്റപ്പണി നടത്താൻ അധികൃതർ തയാറായിട്ടില്ല.
ആറുമാസമായി അമൃത് പദ്ധതിക്കായി ഈ റോഡ് പൊട്ടിപ്പൊളിക്കാൻ തുടങ്ങിയിട്ട്. അന്നുമുതൽ പ്രദേശത്തുകാർ ദുരിതത്തിലാണ്. ഇതിനിടെ പലയിടങ്ങളിലായി കുടിവെള്ള പൈപ്പ് പൊട്ടി റോഡ് ചളിക്കുളമായിരുന്നു. നേരത്തേ പൈപ്പ് ലൈൻ സ്ഥാപിച്ച ഇവിടെ വീടുകളുമായി കണക്ട് ചെയ്യുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. നേരത്തേ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് റോഡ് കുഴിക്കുന്നതിനിടെ റോഡിൽ പലയിടങ്ങളിലും കുടിവെള്ള പൈപ്പ് ലൈൻ പൊട്ടുകയും നാട്ടുകാർ ദുരിതമനുഭവിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ പൈപ്പ് പൊട്ടിയ ഭാഗത്തുതന്നെ കഴിഞ്ഞ മാസം രണ്ടിടത്ത് പൈപ്പ് പൊട്ടിയിരുന്നു. വാട്ടർ അതോറിറ്റിക്ക് പരാതിപ്പെട്ടിട്ടും നടപടിയില്ലാതായതോടെ കഴിഞ്ഞ 13ന് നാട്ടുകാർ ഇതു സംബന്ധിച്ച് ജില്ല കലക്ടർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് ഒരിടത്ത് അറ്റകുറ്റപ്പണി നടത്തി. ഇതേസ്ഥലത്തുതന്നെയാണ് കഴിഞ്ഞ ദിവസം രാത്രി വീണ്ടും കുഴിയെടുക്കുകയും കുടിവെള്ള പൈപ്പ് പൊട്ടുകയും ചെയ്തത്.
പമ്പിങ് ഇല്ലാത്ത സമയത്ത് റോഡിൽ കെട്ടിനിൽക്കുന്ന ചളിയും വെള്ളവും പൈപ്പിലേക്ക് ഇറങ്ങി ഗുരുതര രോഗങ്ങൾ വരാൻ സാധ്യതയുണ്ട്. പണിക്കർ റോഡിൽതന്നെ ചളി കുടിവെള്ളത്തിൽ കലരുകയും ചെയ്യുന്നുണ്ട്. ബംഗ്ലാവ് റോഡിലെയും പൊറ്റങ്ങാടി രാഘവൻ റോഡിലെയും അവസ്ഥ സമാനമാണ്. എത്രയും വേഗം പൊട്ടിയ പൈപ്പുകൾ നന്നാക്കി റോഡുകൾ ഗതാഗതയോഗ്യമാക്കണമെന്ന് ദേശീയ പരിസ്ഥിതി കോൺഗ്രസ് ജില്ല പ്രസിഡന്റ് ജോയി പ്രസാദ് പുളിക്കൽ ആവശ്യപ്പെട്ടു.
വേങ്ങേരി: ദേശീയപാത മേൽപാല നിർമാണത്തിന് അടച്ച മാവിളിക്കടവ് ജങ്ഷനിൽ പൈപ്പ് പൊട്ടി വെള്ളക്കെട്ട്. ഇതുമൂലം വിവിധ ഭാഗങ്ങളിലേക്കുള്ള നൂറുകണക്കിന് കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി. പുതിയങ്ങാടി-തണ്ണീർപന്തൽ പാതക്കുള്ള മേൽപാല നിർമാണത്തിന്റെ ഭാഗമായാണ് ജങ്ഷന്റെ മുകൾഭാഗം അടച്ചത്. ഇതിനു താഴെ റോഡിന്റെ കിഴക്കുഭാഗത്ത് പ്രവൃത്തി നടക്കുന്നതിനിടെയാണ് വെള്ളിയാഴ്ച രാത്രി പൈപ്പ് പൊട്ടിയത്. രാത്രിയോടെ തന്നെ പൈപ്പിന്റെ വാൽവ് പൂട്ടിയെങ്കിലും റോഡിൽ വെള്ളം ഉയർന്നിരുന്നു. ശനിയാഴ്ച വൈകീട്ടോടെയും വെള്ളം താഴ്ന്നിട്ടില്ല.
മാലാപറമ്പ് ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ കടത്തിവിടുന്ന സർവിസ് റോഡിൽ വലിയ തോതിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോെട മലാപറമ്പ് ഭാഗത്തുനിന്ന് ദേശീയപാത വഴി കണ്ണൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ കടത്തിവിടുന്ന സർവിസ് റോഡിലൂടെ ഗതാഗതം തിരിച്ചുവിട്ടു. സർവിസ് റോഡിന്റെ വീതി കുറവുമൂലം ഇരുവശത്തുനിന്നും വാഹനങ്ങൾ കടത്തിവിട്ടതിനാൽ വൻ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. ഞായറാഴ്ച രാവിലെയോടെ അറ്റകുറ്റപ്പണികൾ പൂർത്തിയാകുമെന്ന് കരാറുകാർ അറിയിച്ചു. തണ്ണീർപന്തൽ- മാളിക്കടവ് 5.80 മീറ്റർ വീതിയിൽ റോഡിന്റെ ഇരുവശങ്ങളിലുമുള്ള അടിപ്പാതയുടെ രണ്ടാംഘട്ട പ്രവൃത്തിയാണ് പുരോഗമിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് ദേശീയപാത അടച്ചത്. ഒന്നരമാസത്തോളം വേണ്ടിവരും നിർമാണം പൂർത്തിയാകാനെന്ന് കരാറുകാർ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.