നാദാപുരം: അത്യാഹിത വിഭാഗത്തിൽ സ്പെഷലിസ്റ്റ് ഡോക്ടറുടെ അഭാവം നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രശ്നങ്ങൾക്കിടയാക്കുന്നു. രോഗികളും ജീവനക്കാരും തമ്മിൽ വാക്കേറ്റം പതിവായി. മറ്റ് ആശുപത്രികളിൽനിന്ന് റഫർ ചെയ്യുകയും വീടുകളിൽ അവശതയിൽ കഴിയുകയും ചെയ്യുന്ന രോഗികളാണ് അടിയന്തര സാഹചര്യത്തിൽ ചികിത്സ കിട്ടാതെ പ്രയാസം അനുഭവിക്കുന്നത്.
ഹൃദ്രോഗം, അപസ്മാരം തുടങ്ങിയ നിരവധി ആരോഗ്യ പ്രശ്നങ്ങളുള്ളവർക്ക് കിടത്തി ചികിത്സ നടത്താൻ ഐ.സി.യു സംവിധാനവും നിരീക്ഷണത്തിന് പ്രത്യേക ഡോക്ടറും സദാ സമയവും അത്യാവശ്യമാണെന്ന് ജീവനക്കാർ പറയുന്നു. നിലവിൽ എം.ബി.ബി.എസ് കഴിഞ്ഞ ഡോക്ടർമാർ മാത്രമാണ് ഉച്ചക്ക് ശേഷം പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗത്തിൽ സേവനം ചെയ്യുന്നത്.
ഇവർക്ക് ഇത്തരം രോഗികളെ കിടത്തി ചികിത്സിക്കാൻ കഴിയാത്തതിനാൽ മറ്റാശുപത്രികളിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഏറെ ദൂരമുള്ള വടകര, തലശ്ശേരി എന്നിവിടങ്ങളാണ് പിന്നീടുള്ള ആശ്രയം. ഇക്കാരണത്താൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിൽപെട്ടവർ വലിയ പ്രയാസമാണ് അനുഭവിക്കുന്നത്.
ഇത്തരത്തിൽ രണ്ടു രോഗികളെയാണ് ശനിയാഴ്ച വടകരയിലേക്ക് മടക്കിയത്. ഇതേ ചൊല്ലി ആശുപത്രിയിൽ രോഗികളും ജീവനക്കാരും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി. നിലവിൽ എം.ഡി യോഗ്യതയുള്ള ഒരു ഡോക്ടർ മാത്രമാണ് ഇവിടെയുള്ളത്. ഇവരും പത്ത് ദിവസത്തോളമായി അവധിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.