കോഴിക്കോട്: കെ-റെയിൽ പദ്ധതിയിൽ ഭൂമി നഷ്ടപ്പെടുന്നവർക്ക് വമ്പൻ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ച സർക്കാർ 110 കോടിയുടെ നഷ്ടപരിഹാരം കൈമാറാതെ വഞ്ചിക്കുകയാണെന്ന് രാമനാട്ടുകര കിൻഫ്ര നോളജ് പാർക്കിന് ഭൂമി വിട്ടുകൊടുത്തവരുടെ കൂട്ടായ്മ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. 2008ൽ 77.68 ഏക്കർ ഭൂമി ഏറ്റെടുത്തിന്റെ മുഴുവൻ നഷ്ടപരിഹാരവും സർക്കാർ നൽകുന്നില്ല.
കോടതിവിധിക്കെതിരെ സുപ്രീംകോടതി വരെ നിയമയുദ്ധം നടത്തി ഇരകളെ ബുദ്ധിമുട്ടിലാക്കുകയാണ്. ഭൂമി ഏറ്റെടുത്താൽ സർക്കാർ തരുന്ന നഷ്ടപരിഹാരത്തിൽ കൂടുതൽ കോടതി വഴി ലഭിക്കുമെന്ന് അന്നത്തെ വ്യവസായ മന്ത്രി എളമരം കരീം ഉറപ്പുതന്നതായിരുന്നെന്ന് കൂട്ടായ്മയുടെ ഭാരവാഹികൾ പറഞ്ഞു. വീട് നഷ്ടപ്പെട്ടവർക്ക് അഞ്ച് സെന്റ് ഭൂമി മറ്റൊരിടത്ത് നൽകുമെന്നും വാഗ്ദാനമുണ്ടായിരുന്നു. ഇതേ വാഗ്ദനമാണ് കെ-റെയിൽ പദ്ധതിയിൽ നഷ്ടപ്പെടുന്നവർക്കും സർക്കാർ പ്രഖ്യാപിച്ചത്.
പൊള്ളയായ വാഗ്ദാനങ്ങളാണിത്. രാമനാട്ടുകരയിൽ ഭൂമി വിട്ടുകൊടുത്തവർക്ക് 110 കോടി രൂപയാണ് നഷ്ടപരിഹാരം നൽകേണ്ടത്. പകുതിയോളം തുക 2014ൽ ലഭിച്ചിരുന്നു. 120ഓളം കുടുംബങ്ങളിലെ 2000ത്തിലേറെ പേരാണ് കാത്തിരിക്കുന്നത്. കഴിഞ്ഞമാസം വ്യവസായ മന്ത്രി പി. രാജീവ്, സ്ഥലം എം.എൽ.എ കൂടിയായ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവരുമായുള്ള ചർച്ചയിൽ ഡിസംബർ 31നകം ബാക്കി നഷ്ടപരിഹാരം നൽകാമെന്ന് ഉറപ്പുനൽകിയതാണ്.
14 കോടി രൂപ കുറക്കാനും കോടതിവിധി പ്രകാരമുള്ള രണ്ടുവർഷത്തെ പലിശയായ 30 കോടിയോളം രൂപ വേണ്ടെന്നും സമരസമിതി സമ്മതിച്ചതാണ്. ഇതു സംബന്ധിച്ച് വ്യവസായമന്ത്രി ഫേസ്ബുക്കിൽ കുറിപ്പുമെഴുതിയിരുന്നു. എന്നാൽ, നടപടിയുണ്ടായില്ല. സുപ്രീംകോടതിയിലടക്കം നിയമപോരാട്ടം നടത്താൻ ലക്ഷങ്ങൾ ചെലവാകുന്നുണ്ടെന്നും സമരസമിതി കൂട്ടിച്ചേർത്തു. കോയാമു ഹാജി, എം.പി. ജനാർദനൻ, പി. മുഹമ്മദ് ഫൈസൽ എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.